ഇന്നലെ ഓസ്ട്രേലിയക്കെതിരെ വമ്പന്‍ വിജയം നേടാന്‍ അവസരമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ന്യൂസിലന്‍ഡും പാകിസ്ഥാനും ഓസ്ട്രേലിയയും പ്രതിസന്ധിയിലാവുമായിരുന്നു.

മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ സെമി ഫൈനല്‍ ചിത്രം കൂടുതല്‍ വ്യക്തമായി.ഒന്നാം സ്ഥാനക്കാരായി നേരത്തെ സെമിയുറപ്പിച്ച ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും കൂടി സെമിയിലെത്തിയതോടെ ഇന് സെമി ഫൈനല്‍ ലൈനപ്പില്‍ അവശേഷിക്കുന്നത് ഒരേയൊയു സ്ഥാനം മാത്രമാണ്. അതിനായി പോരടിക്കുന്നതോ ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥന്‍ ടീമുകളും. നാലാം സ്ഥാനക്കാരായി സെമിയിലെത്തുന്നത് ഇവരില്‍ ആരായാലും നേരിടേണ്ടത് ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ ആണ്.

ന്യൂസിലന്‍ഡ് അവസാന മത്സരത്തില്‍ ശ്രീലങ്കയയെും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെയും നേരിട്ട് കഴിയുമ്പോള്‍ സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്ന് വ്യക്തമാവും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് എതിരാളികാളായി ന്യൂസിലന്‍ഡ് വരാനാണ് സാധ്യത. എന്നാല്‍ ഓസ്ട്രേലിയയെ വിറപ്പിച്ച അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ അവസാന മത്സരത്തില്‍ വീഴ്ത്തിയാല്‍ അവര്‍ക്കും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി മുന്നിലെത്താന്‍ അവസരമുണ്ട്.

മാക്‌സ്‌വെല്ലിനെതിരെ അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് പറ്റിയ ആനമണ്ടത്തരം ചൂണ്ടിക്കാട്ടി പാക് ഇതിഹാസം

ഇന്നലെ ഓസ്ട്രേലിയക്കെതിരെ വമ്പന്‍ വിജയം നേടാന്‍ അവസരമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ന്യൂസിലന്‍ഡും പാകിസ്ഥാനും ഓസ്ട്രേലിയയും പ്രതിസന്ധിയിലാവുമായിരുന്നു. ഇന്നലെ അഫ്ഗാന്‍ ജയിച്ചിരുന്നെങ്കില്‍ 10 പോയന്‍റുമായി അവര്‍ നാലാം സ്ഥാനത്ത് എത്തുമായിരുന്നു. അവസാന മത്സരങ്ങളില്‍ ജയിച്ചാലും പാകിസ്ഥാന്‍റെയും ന്യൂസിലന്‍ഡിന്‍റെയും സെമി സാധ്യതകള്‍ക്ക് തിരിച്ചടിയേല്‍ക്കുകയും ചെയ്യുമായിരുന്നു.

നിലവില്‍ +0.398 റണ്‍റേറ്റുള്ള ന്യൂസിലന്‍ഡിന് അവസാന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാല്‍ സെമി ഉറപ്പിക്കാം. +0.036 റണ്‍ റേറ്റുള്ള പാകിസ്ഥാനാകട്ടെ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയമോ ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് തോല്‍ക്കുകയോ ചെയ്താലും സെമി സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനാകട്ടെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വലിയ മാര്‍ജിനിലുള്ള ജയം തന്നെ വേണം ഇനി സെമിയിലെത്താന്‍. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലുള്ള ആദ്യ സെമി 15ന് മുംബൈയിലാണ്. ഇന്ത്യയുടെ ഒന്നാം സ്ഥാനം ഇനിയാര്‍ക്കും മറികടക്കാനാവില്ലെന്നതിനാല്‍ നാലാം സ്ഥാനത്തെത്തുന്നവര്‍ ആരായാലും അവര്‍ക്ക് സെമിയില്‍ നേരിടേണ്ടത് ഇന്ത്യയെ ആയിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക