"എവിടെ നടക്കുന്നു, ആര് കളിക്കുന്നു...എന്നതൊന്നും വിഷയമല്ല. ഏകദിന ക്രിക്കറ്റിന്‍റെ കൊടുമുടിയാണ് ലോകകപ്പ്."

സിഡ്‌നി: ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാമെന്ന പ്രതീക്ഷയിലാണ് പരുക്കില്‍ നിന്ന് മോചിതനായ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ലോകകപ്പിലെ ആറാം കിരീടമാണ് സ്റ്റാര്‍ക്ക് അണിനിരക്കുന്ന ഓസീസ് ടീം ലക്ഷ്യമിടുന്നത്. ലോകകപ്പിനെ ഏകദിന ക്രിക്കറ്റിന്‍റെ കൊടുമുടി എന്നാണ് സ്റ്റാര്‍ക്ക് വിശേഷിപ്പിക്കുന്നത്. 

എവിടെ നടക്കുന്നു, ആര് കളിക്കുന്നു...എന്നതൊന്നും വിഷയമല്ല. ഏകദിന ക്രിക്കറ്റിന്‍റെ കൊടുമുടിയാണ് ലോകകപ്പ് എന്ന് പറയാം- ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റാര്‍ക്ക് പറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍(2015) ഏറ്റവും കൂടുതല്‍ വിക്കറ്റ്(22) നേടിയ ബൗളറാണ് സ്റ്റാര്‍ക്ക്.

അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയില്‍ പാക്കിസ്ഥാനെ വൈറ്റ് വാഷ്(5-0) ചെയ്ത് മിന്നും ഫോമിലാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയ. സ്റ്റാര്‍ക്കിനെ കൂടാതെ കമ്മിന്‍സ്, ബെഹ്‌റെന്‍ഡോര്‍ഫ്, റിച്ചാര്‍ഡ്‌സണ്‍, കോള്‍ട്ടര്‍ നൈല്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ശക്തമായ പേസ് യൂണിറ്റുമായാണ് ഓസ്‌ട്രേലിയ ലോകകപ്പിനെത്തുന്നത്.