2011ലെ ലോകകപ്പ് നേട്ടത്തെ കുറിച്ച് എപ്പോഴും ഓര്‍മ്മിക്കാറുണ്ടെന്ന് സച്ചിന്‍ തെന്‍ഡുൽക്കര്‍. പുരസ്കാരം രാജ്യത്തിനായി സമര്‍പ്പിച്ച സച്ചിനെ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ പ്രശംസിച്ചു. സച്ചിന്‍ ആദ്യമായി ലോകകപ്പ് കളിച്ചത് 1992ൽ. ആദ്യമായി ലോക ചാമ്പ്യനായത് ആറാമത്തെ ശ്രമത്തിലും. എങ്കിലും ലോകകപ്പെന്നാൽ 1983 ആണ് ആദ്യം മനസ്സില്‍ വരുന്നതെന്ന് പറയുന്നു. വ്യത്യസ്ത അഭിപ്രായങ്ങളും വ്യത്യസ്ത സംസ്കാരവും ഉള്ള ഇന്ത്യ ഒറ്റമനസ്സോടെയാണ് 2011ലെ ലോകകപ്പ് വിജയത്തെ സ്വീകരിച്ചത്. വോട്ടെടുപ്പിൽ ഒന്നാമതെത്തുമെന്ന വിശ്വാസം ഉണ്ടായിരുന്നെന്നും സച്ചിന്‍ വെളിപ്പെടുത്തി. പുരസ്കാരനേട്ടം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നതിന് പകരം രാജ്യത്തിനായി സമ്മാനിച്ച സച്ചിന്‍ സമാനതകളില്ലാത്ത പ്രതിഭയെന്നായിരുന്നു ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറുടെ പ്രശംസ. ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ലോറിയസ് പുരസ്കാരം നേടുന്നത്.