മുംബൈ: അണ്ടര്‍-19 ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പട്ടിന് ഇന്ത്യയുടെ യുവതാരം യശസ്വി ജയ്‌സ്വാളിന് ലഭിച്ച ട്രോഫി രണ്ടായി പൊട്ടി. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മഖായ എന്‍ടിനിയാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജയ്‌സ്വാളിന് ട്രോഫി സമ്മാനിച്ചത്.

എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് നാട്ടിലെത്തിയപ്പോഴാണ് ട്രോഫി രണ്ട് കഷ്ണമായി മുറിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്. ലോകകപ്പിലെ ആറ് ഇന്നിംഗ്സില്‍ ഒരു സെഞ്ചുറി അടക്കം 400 റണ്‍സടിച്ചാണ് ജയ്‌സ്വാള്‍ ടൂര്‍ണമെന്റിന്റെ താരമായത്. 88, 105*, 62, 57*, 29*, 59 എന്നിങ്ങനെയായിരുന്നു ജയ്‌സ്വാളിന്റെ ലോകകപ്പിലെ പ്രകടനം.

എന്നാല്‍ ട്രോഫി പൊട്ടിയതിന്റെ പേരില്‍ ജയ്‌സ്വാള്‍ അസ്വസ്ഥനല്ലെന്നും ട്രോഫികളെക്കാള്‍ റണ്‍സടിക്കുന്നതിലാണ് ജയ്‌സ്വാളിന്റെ ശ്രദ്ധയെന്നും പരിശീലകന്‍ ജ്വാലാ സിംഗ് പറഞ്ഞു. ട്രോഫി എങ്ങനെയാണ് മുറിഞ്ഞത് എന്നത് ജയ്സ്വാളിനും അറിയില്ലെന്നും പരിശീലകന്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ഫൈനലില്‍ ജയ്‌സ്വാള്‍ മാത്രമാണ് ബാറ്റിംഗില്‍ ഇന്ത്യക്കായി തിളങ്ങിയത്. എന്നാല്‍ താന്‍ അനാവശ്യമായി മോശം ഷോട്ട് കളിച്ച് പുറത്തായതാണ് മത്സരത്തില്‍ നിര്‍ണായകമായതെന്നും പന്തിന്റെ വേഗം നിര്‍ണയിക്കുന്നതില്‍ തനിക്ക് പിഴച്ചുവെന്നും ജയ്‌സ്വാള്‍ പറഞ്ഞിരുന്നു.