കിവീസിന് എതിരായ പരമ്പര 3-0ന് തൂത്തുവാരിയതാണ് ഓസീസിന് കരുത്തായത്

സിഡ്‌നി: കിവീസിനെതിരെയും പരമ്പര തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്ക് വമ്പന്‍ കുതിപ്പ്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഓസീസിന് 296 പോയിന്‍റാണുള്ളത്. ഒന്നാം സ്ഥാനക്കാരായ ടീം ഇന്ത്യക്ക് 360 പോയിന്‍റുണ്ട്. ഇന്ത്യ ഏഴും ഓസ്‌ട്രേലിയ 10 ഉം മത്സരങ്ങളാണ് ഇതിനകം കളിച്ചത്. 

കിവീസിന് എതിരായ പരമ്പര 3-0ന് തൂത്തുവാരിയതാണ് ഓസീസിന് കരുത്തായത്. നേരത്തെ പാകിസ്ഥാനെതിരായ ഹോം സീരിസും കങ്കാരുപ്പട നേടിയിരുന്നു. അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2ന് സമനിലയിലായി. രണ്ട് പരമ്പരകള്‍ കളിച്ച ന്യൂസിലന്‍ഡിന് 60 പോയിന്‍റാണുള്ളത്. 80 പോയിന്‍റ് വീതമുള്ള പാകിസ്ഥാനും ശ്രീലങ്കയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 

ലോക ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ മേധാവിത്വം തിരികെവരുന്നതിന്‍റെ സൂചനയാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര സമ്മാനിക്കുന്നത്. ഓസീസ് സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റ് 279 റണ്‍സിന് ജയിച്ചു. മത്സരത്തില്‍ നാഥന്‍ ലയണ്‍ 10 വിക്കറ്റ് സ്വന്തമാക്കി. മാര്‍നസ് ലബുഷെയ്‌നാണ് മത്സരത്തിലെയും പരമ്പരയിലെ താരം. ആദ്യ ഇന്നിംഗ്‌സില്‍ ലബുഷെയ്ന്‍ ഇരട്ട സെഞ്ചുറി(215 റണ്‍സ്) നേടിയിരുന്നു. 

ഇന്ത്യക്കെതിരെ ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ക്രിക്കറ്റിലെ പുതിയ കരുത്തരെ തീരുമാനിക്കും എന്നാണ് കരുതപ്പെടുന്നത്.