ഫൈനലിലെത്താന്‍ ഇനി സാധ്യതയുള്ളത് നാലു ടീമുകള്‍ക്കാണ്. നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ, രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക, നാലാമതുള്ള ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കാണ് ഇനി ഫൈനലിലെത്താന്‍ സാധ്യതയുള്ളത്. ഇതില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ അടുത്ത മാസം നടക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റും സമനിലയില്‍ പിരിഞ്ഞതോടെ ന്യൂസിലന്‍ഡും പാക്കിസ്ഥാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താതെ പുറത്തായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ പാക്കിസ്ഥാന്‍ 38.1 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം, നിലവില്‍ 27.27 വിജയശതമാനവുമായി എട്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് ഇനി ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ടെങ്കിലും ഈ രണ്ട് ടെസ്റ്റുകളും ജയിച്ചാലും അവര്‍ക്ക് പരമാവധി 38.46 വിജയശതമാനമെ സ്വന്തമാക്കാനാവു. ഇതോടെയാണ് കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡും ഫൈനലിലെത്താതെ പുറത്തായത്. ഇംഗ്ലണ്ടിന് നേരിയ സാധ്യത ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിലും അവരുടെ സാധ്യതകള്‍ പൂര്‍ണമായും മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാണിരിക്കുന്നത്.

അവശേഷിക്കുന്നത് നാലു ടീമുകള്‍

ഫൈനലിലെത്താന്‍ ഇനി സാധ്യതയുള്ളത് നാലു ടീമുകള്‍ക്കാണ്. നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ, രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക, നാലാമതുള്ള ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കാണ് ഇനി ഫൈനലിലെത്താന്‍ സാധ്യതയുള്ളത്. ഇതില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ അടുത്ത മാസം നടക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക.

ഓസ്ട്രേലിയക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പര 3-1ന് ജയിച്ചാല്‍ വിജയശതമാനത്തില്‍ ഇന്ത്യക്ക് തൊട്ടുപിന്നിലുള്ള ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും മറികടന്ന് ഫൈനല്‍ ഉറപ്പിക്കാം. നിലവില്‍ 99 പോയന്‍റും 58.93 വിജയശതമാനവുമാണ് ഇന്ത്യക്കുള്ളത്. ഓസീസിനെതിരെ 3-1ന് പരമ്പര ജയിച്ചാല്‍ ഇന്ത്യക്ക് 62.5 വിജയശതമാനം ഉറപ്പിക്കാനാവും. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ശേഷിക്കുന്ന എല്ലാ ടെസ്റ്റും ജയിച്ചാലും ഇത് മറികടക്കാനാവില്ല. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പര 2-2 സമനിലയായാല്‍ ഇന്ത്യയുടെ വിജയശതമാനം 56.94 ആയി കുറയും.

അങ്ങനെ വന്നാല്‍ ദക്ഷിണാഫ്രിക്കക്ക് സാധ്യത തെളിയും. പക്ഷെ അതിനവര്‍ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് ജയിക്കുകയും വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പര 2-0ന് തൂത്തുവാരുകയും വേണം. അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ തന്നെ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. മഴമൂലം ഒന്നര ദിവസത്തോളം നഷ്ടമായ കളിയില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ദക്ഷിണാഫ്രിക്ക നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 149-6 എന്ന നിലയിലാണ്. ഒരു ദിനം മാത്രം ബാക്കിയിരിക്കെ ഓസീസ് വിജയമോ സമനിലയോ മാത്രമാണ് ഈ മത്സരത്തില്‍ പ്രതീക്ഷിക്കാനാകുക. ഇത് ഇന്ത്യയുടെ സാധ്യതകള്‍ കൂട്ടുന്നുണ്ട്.

ഖവാജ 195ല്‍ നില്‍ക്കെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയന്‍ നായകന്‍, വിമര്‍ശനവുമായി ആരാധകര്‍

ശ്രീലങ്കക്കാകട്ടെ കാര്യങ്ങള്‍ കുറച്ചു കൂടി കടുപ്പമാണ്. ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന പരമ്പര 2-0ന് തൂത്തുവാരിയാല്‍ മാത്രമെ വിജയശതമാനത്തില്‍(61.11) ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും മറികടക്കാന്‍ ശ്രീലങ്കക്കാവു. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഓസ്ട്രേലിയ 3 ടെസ്റ്റ് തോല്‍ക്കുകയും ശ്രീലങ്ക ന്യൂസിലന്‍ഡിനെ 2-0ന് തോല്‍പ്പിക്കുകയും ചെയ്താല്‍ ഓസീസിന് ഫൈനലിലെത്താന്‍ പ്രയാസപ്പെടേണ്ടിവരും. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് തോറ്റാലും ഓസീസ് ഫൈനലിലെത്താനാവും.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ 132 പോയന്‍റും 78.57 വിജയശതമാനവും ഓസീസിനുണ്ട്.

ഓസീസിനെതിരെ ഇന്ത്യ 1-0ന് മാത്രമാണ് ജയിക്കുന്നതെങ്കില്‍ ഓസ്ട്രേലിയക്കെിരെ ശേഷിക്കുന്ന ഒരു ടെസ്റ്റിലോ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റുകളിലൊന്നിലോ ദക്ഷിണാഫ്രിക്ക തോറ്റില്ലെങ്കില്‍ ഇന്ത്യക്കും കാര്യങ്ങള്‍ അനുകൂലമല്ലാതാകും. പക്ഷെ അതിനവര്‍ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് ജയിക്കുകയും വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പര 2-0ന് തൂത്തുവാരുകയും വേണം. മഴ കളിക്കുന്ന ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ജയിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത ഇല്ലാത്തതിനാല്‍ ഇന്ത്യക്ക് സാധ്യത കൂടിയിട്ടുണ്ട്.

സമീപകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും 46.97 വിജയശതമാനം മാത്രമുള്ള ഇംഗ്ലണ്ട് ഫൈനല്‍ കാണാതെ ഏറെക്കുറെ പുറത്തായി. ഇനിയുള്ള എല്ലാ ടെസ്റ്റും ജയിച്ചാലും വെസ്റ്റ് ഇന്‍ഡീസിന് പരമാവധി 50 വിജയശതമാനം മാത്രമെ നേടാനാവു എന്നതിനാല്‍ അവരും ഫൈനല്‍ കളിക്കില്ലെന്ന് ഉറപ്പാണ്.