ടോസ് നഷ്‌ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ജയന്‍റ്‌സിന് ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ സോഫിയ ഡങ്ക്‌ലിയെ നഷ്‌ടമായിരുന്നു

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ജയന്‍റ്‌സിന് സുരക്ഷിത സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടീം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സെടുക്കുകയായിരുന്നു. തുടക്കത്തിലെ വിക്കറ്റ് നഷ്‌ടത്തിന് ശേഷം ഹര്‍ലീന്‍ ഡിയോളും അര്‍ധസെഞ്ചുറികള്‍ നേടിയ ലോറ വോള്‍വാര്‍ട്ടും ആഷ്‌ലി ഗാര്‍ഡ്‌നറും ചേര്‍ന്നാണ് ടീമിനെ മെച്ചപ്പെട്ട സ്കോറിലെത്തിച്ചത്. ലോറ 45 പന്തില്‍ ആറ് ഫോറും ഒരു സിക്‌സോടെയും 57 റണ്ണെടുത്ത് ടോപ് സ്കോററായി. 

ടോസ് നഷ്‌ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ജയന്‍റ്‌സിന് ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ സോഫിയ ഡങ്ക്‌ലിയെ നഷ്‌ടമായി. 6 പന്തില്‍ 4 എടുത്ത സോഫിയയെ മരിസാന്‍ കാപ്പ് പുറത്താക്കുകയായിരുന്നു. ഇതിന് ശേഷം ഹര്‍ലീന്‍ ഡിയോളും ലോറ വോള്‍വാര്‍ട്ടും ചേര്‍ന്ന് ടീമിനെ കരകയറ്റി. 33 പന്തില്‍ 31 റണ്‍സെടുത്ത ഡിയോളിനെ 10-ാം ഓവറിലെ അഞ്ചാം പന്തില്‍ ജെസ്സ് ജൊനാസ്സന്‍ മടക്കി. ഇതിന് ഷേഷം ആക്രമിച്ച് കളിച്ച ലോറ വോള്‍വാര്‍ട്ടും ആഷ്‌ലീ ഗാര്‍ഡ്‌നറും ചേര്‍ന്ന് ടീമിനെ 16-ാം ഓവറില്‍ 100 കടത്തി. നേരിട്ട 41-ാം പന്തില്‍ ലോറ അര്‍ധസെഞ്ചുറി തികച്ചു. ടൂര്‍ണമെന്‍റില്‍ ലോറയുടെ ആദ്യ ഫിഫ്റ്റിയാണിത്. 32 പന്തില്‍ അമ്പതിലെത്തിയ ആഷ്‌ലി ഗാര്‍ഡ്‌നര്‍(33 പന്തില്‍ 51*) പുറത്താവാതെ നിന്നു. ദയാലന്‍ ഹേമതല(1) ഇന്നിംഗ്‌സിലെ അവസാന പന്തില്‍ മടങ്ങി.

പ്ലേയിംഗ് ഇലവനുകള്‍

ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍: മെഗ് ലാന്നിംഗ്(ക്യാപ്റ്റന്‍), ഷെഫാലി വര്‍മ്മ, അലീസ് കാപ്‌സി, ജെമീമ റോഡ്രിഗസ്, മരിസാന്‍ കാപ്, ജെസ്സ് ജൊനാസ്സന്‍, തനിയ ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), അരുന്ധതി റെഡി, രാധാ യാദവ്, ശിഖ പാണ്ഡെ, പൂനം യാദവ്. 

ഗുജറാത്ത് ജയന്‍റ്‌സ് വനിതകള്‍: സോഫിയ ഡങ്ക്‌ലി, ലോറ വോള്‍വാര്‍ട്ട്, ഹര്‍ലീന്‍ ഡിയോള്‍, ആഷ്‌ലി ഗാര്‍ഡ്‌നര്‍, ദയാലന്‍ ചേമലത, സ്നേഹ് റാണ(ക്യാപ്റ്റന്‍), സുഷമ വര്‍മ്മ(വിക്കറ്റ് കീപ്പര്‍), കിം ഗാര്‍ത്ത്, തനൂജ കന്‍വാര്‍, മാന്‍സി ജോഷി, അശ്വതി കുമാരി. 

ഐസിസി എലൈറ്റ് പാനല്‍ അംപയര്‍മാര്‍; പടിയിറങ്ങി അലീം ദര്‍, പുതുതായി രണ്ട് പേര്‍ പട്ടികയില്‍