7.1 ഓവറില്‍ 107 റണ്‍സ് അടിച്ചുകൂട്ടി ഡല്‍ഹിക്ക് ജയം, ഷെഫാലിക്ക് 19 പന്തില്‍ ഫിഫ്റ്റി, പിന്നാലെ സിക്‌സര്‍ ആറാട്ട്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഷെഫാലി വര്‍മ്മ വെടിക്കെട്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്നാം ജയം. ഗുജറാത്ത് ജയന്‍റ്‌സിനെ ഡല്‍ഹി 10 വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. 106 റണ്‍സ് വിജയലക്ഷ്യം 7.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഡല്‍ഹി നേടി. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗിനെ സാക്ഷിയാക്കി ഷെഫാലി വ‍ര്‍മ്മ നടത്തിയ വെടിക്കെട്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം സമ്മാനിച്ചത്. ഷെഫാലി 19 പന്തില്‍ 50 തികച്ചപ്പോള്‍ പവര്‍പ്ലേയില്‍ 87 റണ്‍സ് പിറന്നു. ഡല്‍ഹി ജയിക്കുമ്പോള്‍ ഷെഫാലി 28 പന്തില്‍ 76* ഉം, ലാന്നിംഗ് 15 പന്തില്‍ 21* ഉം റണ്‍സുമായും പുറത്താവാതെ നിന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്‍റ്‌സിന് 20 ഓവറില്‍ 9 വിക്കറ്റിന് 105 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ മരിസാന്‍ കാപ്പും 26ന് മൂന്ന് പേരെ മടക്കിയ ശിഖ പാണ്ഡെയും 19ന് ഒരാളെ പുറത്താക്കിയ രാധാ യാദവുമാണ് ഗുജറാത്ത് ടീമിനെ കുഞ്ഞന്‍ സ്കോറില്‍ തളച്ചത്. സബിനേനി മേഘ്‌ന, ലോറ വോള്‍വാ‍ർട്ട്, ഹര്‍ലിന്‍ ഡിയോള്‍, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നീ ടോപ് ഫോറിനെയും വിക്കറ്റ് കീപ്പ‍ര്‍ ബാറ്റര്‍ സുഷ്‌മ വര്‍മ്മയേയുമാണ് കാപ്പ് പുറത്താക്കിയത്. 

ടോപ് ഫോറിനെ തുടക്കത്തിലെ പറഞ്ഞയച്ച് മരിസാന്‍ കാപ്പ് ഗുജറാത്ത് ജയന്‍റ്‌സിനെ ഞെട്ടിക്കുകയായിരുന്നു. 4.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടമാകുമ്പോള്‍ 28 റണ്‍സേ ടീമിനുണ്ടായിരുന്നുള്ളൂ. അവിടുന്ന് വളരെ കഷ്ടപ്പെട്ടാണ് 105ലേക്ക് സ്കോര്‍ എത്തിയത്. ഹര്‍ലിന്‍ ഡിയോള്‍(20), ജോര്‍ജിയ വരേഹം(22), തനൂജ കന്‍വാര്‍ എന്നിവര്‍ക്കൊപ്പം വാലറ്റത്ത് 37 പന്തില്‍ പുറത്താകാതെ 32* റണ്‍സ് നേടിയ കിം ഗാര്‍ത്തുമാണ് രണ്ടക്കം കണ്ട ബാറ്റ‍മാര്‍. കിമ്മിന്‍റെ പോരാട്ടം കൊണ്ട് മാത്രമാണ് ടീം 100 കടന്നത്. 

ഇത് റയലിസം, മൂന്നടിച്ച് തിരിച്ചുവരവ്; എസ്‌പാന്യോളിനെ തോല്‍പിച്ച് റയല്‍ മാഡ്രിഡ്