സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ റയലിന് തിരിച്ചടിയോടെയായിരുന്നു തുടക്കം, എന്നാല്‍ പിന്നീടാകെ കഥ മാറി 

മാഡ്രിഡ്: ലാ ലീഗയില്‍ എസ്‌പാന്യോളിനെ തോല്‍പിച്ച് റയല്‍ മാഡ്രിഡ് വിജയവഴിയില്‍. തുടക്കത്തില്‍ പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോള്‍ നേടി 3-1നാണ് റയലിന്‍റെ ജയം. റയലിനായി ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയറും എഡര്‍ മിലിറ്റാവോയും സ്‌പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോയും ലക്ഷ്യംകണ്ടു. ജയത്തോടെ ഒന്നാം സ്ഥാനക്കാരായ ബാഴ്സയുമായുള്ള പോയിന്‍റ് വ്യത്യാസം ആറായി റയല്‍ കുറച്ചു. റയലിന് 56 ഉം ബാഴ്സയ്ക്ക് 62 ഉം പോയിന്‍റുകളാണുള്ളത്. എന്നാല്‍ റയല്‍ ഒരു മത്സരം അധികം കളിച്ചു. 

സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ റയലിന് തിരിച്ചടിയോടെയായിരുന്നു തുടക്കം. എട്ടാം മിനുറ്റില്‍ യൊസേലുവിന്‍റെ ഇടംകാലന്‍ ഷോട്ട് ക്വാര്‍ട്ടയെ മറികടന്ന് വലയിലെത്തി. പിന്നാലെ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും അടങ്ങുന്ന റയല്‍ സംഘം ഗോളിനായി പലകുറി കുതിച്ചു. ഒടുവില്‍ 22-ാം മിനുറ്റില്‍ ഇടത് വിങ്ങിലൂടെ കുതിച്ച വിനീഷ്യസ് ജൂനിയറിന് ടോണി ക്രൂസില്‍ നിന്ന് പന്ത് ലഭിച്ചപ്പോള്‍ റയലിന്‍റെ ആദ്യ ഭാഗ്യം തെളിഞ്ഞു. ബോക്സില്‍ എസ്‌പാന്യോള്‍ പ്രതിരോധത്തെ അപ്രസക്തമാക്കി സോളോ മൂവിലൂടെ വിനീഷ്യസ് സമനില ഗോള്‍ കണ്ടെത്തി. പോസ്റ്റിന്‍റെ വലത് പാര്‍ശ്വത്തിലൂടെ പന്ത് വലയില്‍ മഴവില്ലഴകില്‍ എത്തിക്കുകയായിരുന്നു വിനീ. 

അധികം വൈകാതെ തന്നെ മാഡ്രിഡിന്‍റെ രണ്ടാം ഗോളും പിറന്നു. അതും ഒരു ബ്രസീലിയന്‍ താരത്തിന്‍റെ വകയായിരുന്നു. ബോക്സിന്‍റെ ഇടത് പാര്‍ശ്വത്തില്‍ വച്ച് വിനീഷ്യസ് പന്ത് ചൗമനിക്ക് മറിച്ചുനല്‍കി. ചൗമനി സൂപ്പര്‍ ക്രോസിലൂടെ പന്ത് ഉയര്‍ത്തി നല്‍കിയപ്പോള്‍ ഊഴം കാത്തിരുന്ന മിലിറ്റാവോ അതിസുന്ദരമായ ഹെഡറിലൂടെ വലകുലുക്കി. മത്സരത്തിന് അഞ്ച് മിനുറ്റ് ഇഞ്ചുറിടൈം അനുവദിക്കപ്പെട്ടപ്പോള്‍ റയലിന്‍റെ മൂന്നാം ഗോള്‍ പിറന്നു. മൈതാനമധ്യത്ത് നിന്ന് എസ്‌പാന്യോള്‍ മധ്യനിരയെയും പ്രതിരോധത്തേയും കാഴ്ചക്കാരാക്കി നാച്ചോ നടത്തിയ ഓട്ടപാച്ചിലില്‍ പകരക്കാരന്‍ അസെന്‍സിയോടെ വകയായിരുന്നു ഈ ഗോള്‍. ഇതിന് ശേഷം ഒരു ഗോള്‍ കൂടി റയലിന്‍റെ വകയായി പിറക്കേണ്ടതായിരുന്നു. അവസാനം റയലിനൊരു ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്ക് എടുക്കും മുമ്പ് റഫറി ഫൈനല്‍ വിസിലൂതി. 

യുണൈറ്റഡ് വധം പഴങ്കഥ; ലിവര്‍പൂളിനെ അട്ടിമറിച്ച് ബേണ്‍മൗത്ത്!