ആർസിബിക്കായി മേഗന്‍ ഷൂട്ട് ആദ്യം പന്തെടുത്തപ്പോള്‍ ഇന്നിംഗ്സിലെ ഒന്നാം ഓവറില്‍ സബിനേനി മേഘ്‌ന റണ്ണൊന്നും നേടിയില്ല
മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ ആർസിബിക്കെതിരെ സോഫിയ ഡങ്ക്‌ലി, ഹർലീന്‍ ഡിയോള്‍ എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തില്‍ കൂറ്റന്‍ സ്കോറുമായി ഗുജറാത്ത് ജയന്‍റ്സ്. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ഗുജറാത്ത് നേടിയത്. ഡങ്ക്‌ലി 28 പന്തില്‍ 65 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹർലീന്‍ 45 പന്തില്‍ 67 ഉം റണ്‍സ് അടിച്ചുകൂട്ടി.
ഡങ്ക്‌ലിക്ക് റെക്കോർഡ്
ആർസിബിക്കായി മേഗന്‍ ഷൂട്ട് ആദ്യം പന്തെടുത്തപ്പോള്‍ ഇന്നിംഗ്സിലെ ഒന്നാം ഓവറില്‍ സബിനേനി മേഘ്‌ന റണ്ണൊന്നും നേടിയില്ല. ഷൂട്ടിന്‍റെ ഓവർ മെയ്ഡനായി. എല്ലിസ് പെറിയുടെ രണ്ടാം ഓവറില്‍ സോഫിയ ഡങ്ക്‌ലി ഫോറോടെ അക്കൗണ്ട് തുറന്നു. ഈ ഓവറിലെ അവസാന പന്തില്‍ മേഘ്നയെ വിക്കറ്റിന് പിന്നില്‍ റിച്ച ഘോഷ് വിട്ടുകളഞ്ഞു. മൂന്നാം ഓവറില്‍ ഷൂട്ടിനെ കടന്നാക്രമിച്ച ഡങ്ക്‌ലി രണ്ടും മേഘ്ന ഒന്നും ഫോറുകള്‍ നേടിയതോടെ മൂന്നാം ഓവറില്‍ സ്കോർ 20 കടന്നു. എന്നാല്‍ അഞ്ചാം പന്തില്‍ മേഘ്നയെ(11 പന്തില്‍ 8) റിച്ച പിടികൂടി. തൊട്ടടുത്ത ഓവറില്‍ രേണുക സിംഗിനെ സിക്സിനും രണ്ട് ഫോറിനും ഡങ്ക്‌ലി പറത്തി. പ്രീതി ബോസ് എറിഞ്ഞ അഞ്ചാം ഓവറില്‍ 23 റണ്‍സാണ് ഡങ്ക്‌ലി അടിച്ചുകൂട്ടിയത്. ഇതോടെ താരം 18 പന്തില്‍ 50 പൂർത്തിയാക്കി റെക്കോർഡിട്ടു.
ഹർലീന്‍ ഹോളി
ഇന്നിംഗ്സിലെ 8-ാം ഓവറിലെ അവസാന പന്തില്‍ ശ്രേയങ്ക പട്ടേലാണ് ഡങ്ക്‌ലിയെ പുറത്താക്കിയത്. ഇതിനകം ഡങ്ക്‌ലി 28 പന്തില്‍ 11 ഫോറും 3 സിക്സും സഹിതം 65 റണ്‍സെടുത്തിരുന്നു. ആഷ്‍ലി ഗാർഡ്‍നർ 15 പന്തില്‍ 19 ഉം ദയാലന്‍ ഹേമലത 7 പന്തില്‍ 16 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ അതിഗംഭീര ഫോമിലായിരുന്നു ഹർലീന്‍ ഡിയോള്‍. 36 പന്തില്‍ ഫിഫ്റ്റി കണ്ടെത്തിയ താരം പിന്നാലെയും അടിതുടർന്നതോടെ ഗുജറാത്ത് 200 കടന്നു. അന്നാബേല്‍ സത്തർലന്‍ഡ് 8 പന്തില്‍ 14 ഉം ക്യാപ്റ്റന്‍ സ്നേഹ് റാണ 3 പന്തില്‍ 2 ഉം റണ്ണെടുത്ത് പുറത്തായതൊന്നും ടീമിനെ ബാധിച്ചില്ല. മൂന്ന് റണ്ണുമായി കിം ഗാർത്തും അഞ്ച് റണ്‍സെടുത്ത് സുഷ്മ വർമയും പുറത്താവാതെ നിന്നു.
