കുറഞ്ഞ വിജയലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നതെങ്കിലും ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്‌ടമായതോടെ ആര്‍സിബി പ്രതിരോധത്തിലായിരുന്നു
മുംബൈ: റോയല്‍ തിരിച്ചുവരവ്, പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. സീസണിലെ ആറാം മത്സരത്തില്‍ ആര്‍സിബി അഞ്ച് വിക്കറ്റിന്‍റെ ത്രില്ലര്‍ വിജയമാണ് സ്വന്തമാക്കിയത്. യുപി വാരിയേഴ്‌സിനെ 135 റണ്‍സില്‍ പുറത്താക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തുകയായിരുന്നു. മധ്യനിര ബാറ്റര്‍ കനിക അഹൂജ 30 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ബൗളിംഗില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റുമായി എലിസ് പെറിയും ബാംഗ്ലൂരിനായി തിളങ്ങി. കനിക പുറത്തായ ശേഷം ആഞ്ഞടിച്ച റിച്ച ഘോഷാണ് മത്സരം ബാംഗ്ലൂരിന് അനുകൂലമായി ഫിനിഷ് ചെയ്‌തത്.
കുറഞ്ഞ വിജയലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നതെങ്കിലും ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്‌ടമായതോടെ ആര്‍സിബി പ്രതിരോധത്തിലായി. യുപിയുടെ ബാറ്റിംഗ് ഹീറോ കൂടിയായ ഗ്രേസ് ഹാരിസിന്‍റെ ആദ്യ ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സും നേടിയ സോഫീ ഡിവൈന്‍ അവസാന ബോളില്‍ വീണു. 6 പന്തില്‍ 14 റണ്‍സാണ് ഡിവൈന്‍ നേടിയത്. സഹ ഓപ്പണറും ക്യാപ്റ്റനുമായ സ്‌മൃതി മന്ദാന ഒരിക്കല്‍ക്കൂടി പരാജയമായി. മൂന്ന് പന്ത് നേരിട്ട മന്ദാനയെ തൊട്ടടുത്ത ഓവറില്‍ ദീപ്‌തി ശര്‍മ്മ ബൗള്‍ഡാക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങിയ എലിസ് പെറി 13 പന്തില്‍ 10 റണ്‍സുമായി ദേവിക വൈദ്യക്ക് വിക്കറ്റ് സമ്മാനിച്ചതോടെ ആര്‍സിബി 6.1 ഓവറില്‍ 43-3 എന്ന് നിലയില്‍ കുടുക്കിലായി.
ഇതിന് ശേഷം കനിക അഹൂജയ്‌ക്കൊപ്പം ഹീത്തര്‍ നൈറ്റ് സ്കോറുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 21 പന്തില്‍ 5 ബൗണ്ടറികളോടെ 24 നേടിയ ഹീത്തറിനെ ദീപ്‌തി ഒന്‍പതാം ഓവറിലെ അവസാന പന്തില്‍ പുറത്താക്കി. എന്നാല്‍ മികച്ച താളം കണ്ടെത്തിയ കനികയും റിച്ചാ ഘോഷും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചു. വിജയത്തിന് ചുവടുകള്‍ മാത്രം അകലെ കനികയെ(30 പന്തില്‍ 46) സോഫീ എക്കിള്‍സ്റ്റണ്‍ ബൗള്‍ഡാക്കിയത് ആര്‍സിബിയെ ബാധിച്ചില്ല. റിച്ച ഘോഷും(32 പന്തില്‍ 31*), ശ്രേയങ്ക പാട്ടീലും(3 പന്തില്‍ 5*) മത്സരം ഫിനിഷ് ചെയ്തു.
നേരത്തെ, ടോസ് നഷ്‌ടമായി ബാറ്റിംഗിനിറങ്ങിയ ശേഷം അഞ്ച് റണ്‍സിന് മൂന്നും 31 റണ്‍സിന് അഞ്ചും വിക്കറ്റ് നഷ്‌ടമായ യുപി 19.3 ഓവറില്‍ 135 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 32 പന്തില്‍ 46 റണ്‍സെടുത്ത ഗ്രേസ് ഹാരിസാണ് യുപിയുടെ ടോപ് സ്കോറര്‍. 19 പന്തില്‍ 22 റണ്‍സെടുത്ത ദീപ്‌തി ശര്‍മ്മയും 26 പന്തില്‍ 22 റണ്‍സെടുത്ത കിരണ്‍ നവ്‌ഗീറും നിര്‍ണായകമായി. 69 റണ്‍സ് നേടിയ ഗ്രേസ്-ദീപ്‌തി ആറാം വിക്കറ്റ് സഖ്യമാണ് ടീമിനെ 100 കടത്തിയത്. ആര്‍സിബിക്കായി എലിസ് പെറി നാല് ഓവറില്‍ 16 റണ്‍സിന് നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. പെറിയുടെ മൂന്നിന് പുറമെ സോഫീ ഡിവൈനും ആശ ശോഭനയും രണ്ട് വീതവും മെഗാന്‍ ഷൂട്ടും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റും നേടി.
ഒരുവശത്ത് ഗ്രേസ് ഷോ, മറുവശത്ത് എറിഞ്ഞിട്ട് എലിസ് പെറി; 135ല്‍ ഒതുങ്ങി യുപി വാരിയേഴ്‌സ്
