അലീസ ഹീലി വെടിക്കെട്ടുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സഹഓപ്പണർ ദേവിക വൈദ്യ ഉറച്ച പിന്തുണ നല്‍കി

മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ ആദ്യ ജയത്തിനായി റോയല്‍ ചലഞ്ചേഴ്‍സ് ബാംഗ്ലൂരിന്‍റെ കാത്തിരിപ്പ് നീളുന്നു. ആർസിബി നാലാം തോല്‍വിയും ഏറ്റുവാങ്ങി. ഇന്ന് നടന്ന മത്സരത്തില്‍ യുപി വാരിയേഴ്സ് 10 വിക്കറ്റിന് ആർസിബിയെ മലർത്തിയടിച്ചു. 139 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ 13 ഓവറില്‍ നേടുകയായിരുന്നു യുപി. ക്യാപ്റ്റന്‍ അലീസ ഹീലി വെടിക്കെട്ടുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സഹഓപ്പണർ ദേവിക വൈദ്യ ഉറച്ച പിന്തുണയുമായി യുപിയെ ജയത്തിലെത്തിച്ചു. ഹീലി 47 പന്തില്‍ 96* ഉം, ദേവിക 31 പന്തില്‍ 36* ഉം റണ്‍സ് വീതം നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി 19.3 ഓവറില്‍ 138 റണ്‍സില്‍ പുറത്തായി. 52 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ടോപ് സ്കോറർ. വനിതാ പ്രീമിയർ ലീഗില്‍ പെറിയുടെ ആദ്യ ഫിഫ്റ്റിയാണിത്. 36 റണ്ണെടുത്ത സോഫീ ഡിവൈനും മാത്രമേ ആർസിബിക്കായി തിളങ്ങാനായുള്ളൂ. സോഫീ എക്കിള്‍സ്റ്റണ്‍ നാലും ദീപ്തി ശർമ്മ മൂന്നും വിക്കറ്റ് നേടി. 

ഫിഫ്റ്റി തികച്ച് എല്ലിസ് പെറി

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടക്കം തന്നെ തിരിച്ചടിയോടെയായിരുന്നു. സോഫീ ഡിവൈന്‍ ഒരറ്റത്ത് റണ്‍സ് കണ്ടെത്തിയപ്പോഴും ക്യാപ്റ്റന്‍ സ്‍മൃതി മന്ദാന 6 പന്തില്‍ നാല് റണ്‍സുമായി പുറത്തായി. രാജേശ്വരി ഗെയ്ക്വാദിനായിരുന്നു വിക്കറ്റ്. കനിക അഹൂജയ്ക്കും തിളങ്ങാനായില്ല. കനിക 10 പന്തില്‍ 8 റണ്‍സുമായി ദീപ്തി ശർമ്മയുടെ പന്തില്‍ മടങ്ങി. 24 പന്തില്‍ 36 റണ്‍സ് നേടിയ സോഫീ ഡിവൈന്‍റെ പോരാട്ടം ഇതിനിടെ ആർസിബിക്ക് ആശ്വാസമായി. സോഫിയുടെ കുറ്റി എക്കിള്‍സ്റ്റണ്‍ പിഴുതെറിയുകയായിരുന്നു. വൈകാതെ തന്നെ ഹീത്തർ നൈറ്റും(2 പന്തില്‍ 2) പുറത്തായി. റണ്ണൗട്ടിലൂടെയായിരുന്നു മടക്കം. എന്നാല്‍ ഒരറ്റത്ത് തകർപ്പന്‍ ഷോട്ടുകളുമായി എല്ലിസ് പെറി ആർസിബിയെ 13-ാം ഓവറില്‍ 100 കടത്തി. 35 പന്തില്‍ പെറി ഫിഫ്റ്റി പൂർത്തിയാക്കുകയും ചെയ്തു. 

എല്ലിസ് പെറിക്കൊപ്പം ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച അഞ്ജലി സർവാനിയെ(10 പന്തില്‍ 12) സോഫീ എക്കിള്‍സ്റ്റണ്‍ മടക്കുമ്പോള്‍ ആർസിബി സ്കോർ 14.4 ഓവറില്‍ 116/5. സിക്സർ ശ്രമത്തിനിടെ എലിസ് പെറി ദീപ്തിയുടെ 17-ാം ഓവറില്‍ പുറത്തായി. പെറി 39 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 52 റണ്‍സെടുത്തു. രണ്ട് പന്തിന്‍റെ ഇടവേളയില്‍ എറിന്‍ ബേണ്‍സിന്‍റെ(9 പന്തില്‍ 12) സ്റ്റംപ് തെറിച്ചു. രാജേശ്വരിയുടെ അടുത്ത ഓവറിലെ പന്തില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ റിച്ച ഘോഷ്(1 പന്തില്‍) റണ്ണൗട്ടായി. എക്കിള്‍സ്റ്റണിന്‍റെ അവസാന ഓവറിലെ രണ്ടും മൂന്നും പന്തുകളിലായി രേണുക സിംഗും(8 പന്തില്‍ 3), സഹാന പവാറും(0) പുറത്തായി. അഞ്ച് റണ്ണുമായി കൊമാല്‍ സന്‍സാദ് പുറത്താവാതെ നിന്നു. 

മിസ്‍ബയുടെ അടിപ്പൂരം; ഇന്ത്യാ മഹാരാജാസിനെതിരെ ഏഷ്യ ലയണ്‍സിന് മികച്ച സ്കോർ