വുമണ്‍സ് പ്രീമിയര്‍ ലീഗ് ടീമിനെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നാലെ പിന്‍മാറുകയായിരുന്നു

മുംബൈ: പുരുഷ ഐപിഎല്‍ ടീമുകളായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും പ്രഥമ വുമണ്‍സ് പ്രീമിയര്‍ ലീഗില്‍(വനിതാ ഐപിഎല്‍) ടീമുകളെ സ്വന്തമാക്കിയപ്പോള്‍ എന്തുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാറി നിന്നത്? ട്വന്‍റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും പ്രസിദ്ധമായ ടീമുകളിലൊന്നാണ് സിഎസ്‌കെ. ലോകമെമ്പാടും ആരാധകരുള്ള ടീം. ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗില്‍ അടുത്തിടെ ജൊബര്‍ഗ് സൂപ്പര്‍ കിംഗ്‌സിനെ സ്വന്തമാക്കിയ സിഎസ്‌കെ വനിതാ ഐപിഎല്ലിന്‍റെ ഭാഗമാകാത്തത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 

വുമണ്‍സ് പ്രീമിയര്‍ ലീഗ് ടീമിനെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നാലെ പിന്‍മാറുകയായിരുന്നു. ചില ബിസിനസ് കാരണങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം എന്നാണ് ക്രിക്‌ബസിനോട് സിഎസ്‌കെ പ്രതിനിധി വ്യക്തമാക്കിയത്. അഞ്ച് ഫ്രാഞ്ചൈസികള്‍ മതി ആദ്യ സീസണില്‍ എന്നാണ് ബിസിസിഐയുടെ തീരുമാനം. ഭാവിയില്‍ എട്ടോ പത്തോ ടീമുകളിലേക്ക് വുമണ്‍സ് പ്രീമിയര്‍ ലീഗ് വളര്‍ന്നാല്‍ അപ്പോള്‍ ടീമിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അവസരമുണ്ടാകും. 

അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള അഞ്ച് ടീമുകളാണ് വുമണ്‍സ് പ്രീമിയര്‍ ലീഗിന്‍റെ പ്രഥമ സീസണിലുണ്ടാവുക. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമൊപ്പം അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്. വനിതാ പ്രീമിയര്‍ ലീഗ് എന്നാകും ടൂര്‍ണമെന്‍റ് അറിയപ്പെടുക.

ഇന്ന് മുംബൈയില്‍ നടന്ന ഫ്രാഞ്ചൈസി ലേലത്തില്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 1289 കോടി രൂപയ്ക്ക് അഹമ്മദാബാദ് ടീമിനെ അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കുകയായിരുന്നു. 912.99 കോടിക്ക് മുംബൈ ടീമിനെ ഇന്ത്യാവിന്‍ സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് റാഞ്ചി. ബെംഗളൂരു ടീമിനെ റോയല്‍ ചലഞ്ചേഴ്‌സ് സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടിക്കും ദില്ലി ടീമിനെ ജെഎസ്‌ഡബ്ലൂ ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിക്കും ലഖ്‌നൗ ടീമിനെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയ്ക്കും സ്വന്തമാക്കി. 

വനിതാ പ്രീമിയര്‍ ലീഗ് ടീമുകളെ പ്രഖ്യാപിച്ചു; അഞ്ച് ഫ്രാഞ്ചൈസികള്‍ വിറ്റുപോയത് 4669.99 കോടി രൂപയ്ക്ക്!