കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിലെ സീനിയർ- ജൂനിയർ വിക്കറ്റ് കീപ്പർമാരാണ് വൃദ്ധിമാന്‍ സാഹയും ഋഷഭ് പന്തും. എന്നാല്‍ വിക്കറ്റ് പിന്നില്‍ ഗ്ലൌസണിയാന്‍ പന്തുമായി മത്സരമൊന്നുമില്ലെന്ന് പറയുന്നു സാഹ. 

'ഞങ്ങള്‍ ഒരുമിച്ചാണ് പരിശീലനം നടത്തുന്നത്. മത്സരത്തെ കുറിച്ചും മറ്റ് കാര്യങ്ങളുമെല്ലാം ചർച്ച ചെയ്യും. ഏറ്റവു മികച്ച പ്രകടനം പുറത്തെടുക്കാനാണ് പന്ത് എപ്പോഴും ശ്രമിക്കുന്നത്. വിക്കറ്റിന് പിന്നില്‍ പരീക്ഷിക്കേണ്ട ചില കാര്യങ്ങള്‍ പന്തിന് പറഞ്ഞുകൊടുക്കാറുണ്ട്. ഒരു സുപ്രഭാതത്തില്‍ ചെയ്യണം എന്നല്ല. പരിശീലന സമയത്ത് അത് പന്ത് പരീക്ഷിക്കും. അത് ഗുണകരമാണ് എന്ന് തോന്നിയാല്‍ നടപ്പാക്കും'. 

ഋഷഭ് പന്തിന് നിർദേശങ്ങള്‍ കൊടുക്കുന്നതിനെ കുറിച്ച് സാഹ കൂടുതലായി പറയുന്നതിങ്ങനെ. 'കുറുക്കുവഴികള്‍ പറഞ്ഞുകൊടുക്കുകയല്ല, ചർച്ച ചെയ്യുകയാണ് ഞാന്‍ ചെയ്യാറ്. ഞാന്‍ പിന്തുടരുന്ന കാര്യങ്ങള്‍ ഇതാണ്, ഇവയൊക്കെ എന്‍റെ ജോലി അനായാസമാക്കി. ഇതൊക്കെ നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതാണ്, ഫലവത്താണോ എന്നറിയാം'... ഇതാണ് പന്തിനോട് പറയാറെന്നും സാഹ പറഞ്ഞു. 

ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിയുടെ പിന്‍ഗാമിയായി ബിസിസിഐ കാണുന്ന യുവതാരമാണ് ഋഷഭ് പന്ത്. എന്നാല്‍ അടുത്തകാലത്തെ മോശം ഫോം പന്തിന് വെല്ലുവിളിയാണ്. വൃദ്ധിമാന്‍ സാഹയാവട്ടെ, സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാളായിട്ടും ബാറ്റിംഗില്‍ കാര്യമായി തിളങ്ങാനാവുന്നില്ല. ബാറ്റിംഗിലും തിളങ്ങുന്ന കെ എല്‍ രാഹുല്‍ ടീം ഇന്ത്യയില്‍ ഇരുവർക്കും ഭീഷണിയാണ്.