വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ ശ്രദ്ധേയമായത് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന്‍റെ അസാന്നിധ്യമാണ്. മോശം ഫോമിന് ഏറെ പഴികേള്‍ക്കുന്ന പന്തിനെ പുറത്തിരുത്തി പകരം സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്‌ക്കാണ് ടീം ഇന്ത്യ അവസരം നല്‍കിയത്. എന്തുകൊണ്ട് സാഹ ടീമിലെത്തി എന്നതിന് കൃത്യമായ ഉത്തരം മത്സരത്തിന് മുന്‍പ് ടോസ് വേളയില്‍ കോലി നല്‍കി. 

ആരും പ്രതീക്ഷിക്കാത്ത വമ്പന്‍ പ്രശംസയാണ് സാഹയ്‌ക്ക് കോലി നല്‍കിയത്. 'സാഹ പൂര്‍ണ ആരോഗ്യവാനാണ്. സാഹയുടെ വിക്കറ്റ് കീപ്പിംഗ് പാടവം ഏവര്‍ക്കും കാണാം. പരുക്കുമൂലം നിര്‍ഭാഗ്യവശാലാണ് അദേഹത്തിന് ഏറെക്കാലം ടീമിന് പുറത്തിരിക്കേണ്ടിവന്നത്. ഇന്ത്യയിലെ മുന്‍കാല പ്രകടനങ്ങള്‍ പരിഗണിച്ചാല്‍ ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സാഹ എന്നാണ് എന്‍റെ നിഗമനം. സാഹ ആദ്യ മത്സരത്തില്‍ കളിക്കും' എന്നും കോലി ടോസ് വേളയില്‍ വ്യക്തമാക്കി. 

പരുക്കിനെ തുടര്‍ന്ന് 20 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സാഹ ടെസ്റ്റ് കുപ്പായത്തില്‍ തിരിച്ചെത്തിയത്. ഇക്കാലയളവില്‍ ഇന്ത്യ കളിച്ച 15 ടെസ്റ്റുകളും സാഹയ്‌ക്ക് നഷ്ടമായിരുന്നു.