കോലി സ്ഥാനമൊഴിഞ്ഞതോടെ ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയ്‌ക്ക് കീഴിലാണ് ടീം ഇന്ത്യ ഇറങ്ങിയത്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ നാണംകെട്ട് തോറ്റതിന് പിന്നാലെ രോഹിത് ശര്‍മ്മയ്‌ക്കെതിരെ ഒളിയമ്പുമായി ഇംഗ്ലണ്ട് മുന്‍താരം ഓയിന്‍ മോര്‍ഗന്‍. ടെസ്റ്റില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി താനേറെ മിസ് ചെയ്യുന്നു എന്നാണ് മോര്‍ഗന്‍റെ വാക്കുകള്‍. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിരാട് കോലിയുടെ നായകത്വത്തില്‍ തോറ്റ ടീം ഇന്ത്യ തുടര്‍ച്ചയായ രണ്ടാം കലാശപ്പോരില്‍ ഹിറ്റ്‌മാന് കീഴിലും പരാജയം രുചിക്കുകയായിരുന്നു. 

'ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും എനിക്ക് അവിശ്വസനീയതയാണ്. ടെസ്റ്റ് വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ടെസ്റ്റ് ക്രിക്കറ്റിനെ ഏറെ ആവേശത്തോടെ കണ്ടിരുന്ന വിരാട് കോലിയുടെ ക്യാപ്റ്റന്‍സി നമുക്ക് നഷ്‌ടമായി. ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നയാളാണ് കോലി' എന്നും മോര്‍ഗന്‍ ദി മിററിനോട് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനെ ഏറെ ആവേശത്തോടെ കാണുന്ന കോലി ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ള നാലാമത്തെ നായകനാണ്. 2014ല്‍ എം എസ് ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ 68 മത്സരങ്ങളില്‍ 40 ജയം സ്വന്തമാക്കി. 58.52 ആണ് വിജയശരാശരി. 2023 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തോല്‍വിക്ക് പിന്നാലെയാണ് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴി‌ഞ്ഞത്. ടീം ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച നായകന്‍ കോലിയാണ്. 

കോലി സ്ഥാനമൊഴിഞ്ഞതോടെ ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയ്‌ക്ക് കീഴിലാണ് ടീം ഇന്ത്യ ഇറങ്ങിയത്. ഓവലില്‍ നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്‍റെ കനത്ത തോല്‍വി ടീം ഏറ്റുവാങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ 234 റണ്‍സില്‍ പുറത്തായി. അഞ്ചാം ദിനം 70 റണ്‍സിനിടെയാണ് ഇന്ത്യക്ക് ഏഴ് വിക്കറ്റുകള്‍ നഷ്‌ടമായത്. വിരാട് കോലിയും രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയും അടക്കമുള്ളവര്‍ അമിതാവേശം കൊണ്ട് വിക്കറ്റ് വലിച്ചെറിഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ 14 റണ്‍സിനും രണ്ടാമത്തേതില്‍ 49നുമായിരുന്നു കോലിയുടെ പുറത്താകല്‍. സ്കോര്‍: ഓസ്‌ട്രേലിയ- 469 & 270/8 d, ഇന്ത്യ- 296 & 234 (63.3).

Read more: 'പോയി വിന്‍ഡീസിനെ 2-0നും 3-0നും പഞ്ഞിക്കിടൂ'; ടെസ്റ്റ് ഫൈനല്‍ തോറ്റ ഇന്ത്യയെ കടന്നാക്രമിച്ച് ഗാവസ്‌കര്‍