Asianet News MalayalamAsianet News Malayalam

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: നാലാം ദിനവും മഴക്കളി തുടരുന്നു

മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 217 റൺസിന് മറപടിയായി കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തിരുന്നു. 12 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റൺസൊന്നുമെടുക്കാതെ റോസ് ടെയ്ലറുമാണ് ക്രീസിൽ.

WTC Final: 4th days play delayed due to rain
Author
Southampton, First Published Jun 21, 2021, 3:56 PM IST

സതാംപ്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴയുടെ കളി തുടരുന്നു. നാലാം ദിനവും മഴ മൂലം നിശ്ചിത സമയത്ത് മത്സരം തുടങ്ങാനായില്ല. സതാംപ്ടണിൽ നേരിയ ചാറ്റൽ മഴ തുടരുകയാണ് ഇപ്പോഴും. മഴ മാറിയാലും ഔട്ട് ഫീൽ‍ഡ് നനഞ്ഞു കിടക്കുന്നതിനാൽ നാലാം ദിനം ലഞ്ചിന് മുമ്പ് കളി ആരംഭിക്കാനുള്ള സാധ്യത കുറവാണ്.

മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 217 റൺസിന് മറപടിയായി കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തിരുന്നു. 12 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റൺസൊന്നുമെടുക്കാതെ റോസ് ടെയ്ലറുമാണ് ക്രീസിൽ.

54 റൺസെടുത്ത ഓപ്പണർ ഡെവോൺ കോൺവെയുടെയും 30 റൺസെടുത്ത ടോം ലാഥമിന്റെയും വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. അശ്വിനും ഇഷാന്തുമാണ് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയത്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോർ മറികടക്കാൻ കിവീസിന് 116 റൺസ് കൂടി മതി.

മഴ തുടരുന്നതിനാൽ മത്സരത്തിന് ഫലമുണ്ടാകാനുള്ള സാധ്യതയ്ക്കും മങ്ങലേറ്റു. മഴ മൂലം ആദ്യ ദിനം പൂർണമായും നഷ്ടമായപ്പോൾ രണ്ടാം ദിനം 60 ഓവർ മാത്രമാണ് കളി നടന്നത്. മഴ മാറിനിന്ന മൂന്നാം ദിനമായ ഇന്നലെ ഭൂരിഭാ​ഗം ഓവറുകളും എറിയാനായെങ്കിലും അവസാനം വെളിച്ചക്കുറവ് വില്ലനായി.

മത്സരത്തിന് ഒരു റിസർവ് ദിനം മാത്രമാണുള്ളത്. 146-3 എന്ന സ്കോറിൽ മൂന്നാം ദിനം ബാറ്റിം​ഗ് പുനരാരംഭിച്ച ഇന്ത്യ ഇന്നലെ 217 റൺസിന് ഓൾ ഔട്ടായിരുന്നു. 49 റൺസെടുത്ത അജിങ്ക്യാ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കിവീസിനായി കെയ്ൽ ജമൈസൺ അഞ്ച് വിക്കറ്റെടുത്തു.

Follow Us:
Download App:
  • android
  • ios