തുടർച്ചയായി പെയ്ത മഴ മൂലം നാലാം ദിവസത്തെ കളി ഒറ്റ പന്തുപോലും എറിയാതെ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. നേരത്തെ ആദ്യ ദിവസത്തെ കളിയും ടോസ് പോലും സാധ്യമല്ലാത്ത സാഹചര്യത്തില്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു.

സതാംപ്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിനം സതാംപ്ടണിൽ നിന്ന് ആരാധകർക്ക് സന്തോഷവാർത്ത. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെങ്കിലും ഇന്ന് നേരിയ ചാറ്റൽ മഴക്ക് മാത്രമാണ് സാധ്യതയെന്നാണ് കാലവസ്ഥാ പ്രവചനം. സതാംപ്ടണിൽ പ്രാദേശിക സമയം ഉച്ചക്ക് 12നും ഒരു മണിക്കും ഇടയിൽ മഴക്ക് സാധ്യതതയുണ്ട്. എന്നാൽ പിന്നീട് മൂടിക്കെട്ടിയ അന്തരീക്ഷം തുടരുമെങ്കിലും മഴയ്ക്കുള്ള സാധ്യത കുറവാണ്.

തുടർച്ചയായി പെയ്ത മഴ മൂലം നാലാം ദിവസത്തെ കളി ഒറ്റ പന്തുപോലും എറിയാതെ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. നേരത്തെ ആദ്യ ദിവസത്തെ കളിയും ടോസ് പോലും സാധ്യമല്ലാത്ത സാഹചര്യത്തില്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 217 റൺസിന് മറപടിയായി കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തിരുന്നു. 12 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റൺസൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ.

ഓപ്പണിം​ഗ് വിക്കറ്റിൽ കിവീസ് 70 റൺസെടുത്തശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് വീഴ്ത്താനായത്. 54 റൺസെടുത്ത ഓപ്പണർ ഡെവോൺ കോൺവെയുടെയും 30 റൺസെടുത്ത ടോം ലാഥമിന്റെയും വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. അശ്വിനും ഇഷാന്തുമാണ് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയത്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോർ മറികടക്കാൻ കിവീസിന് 116 റൺസ് കൂടി വേണം.

ഇതുവരെ 142 ഓവറുകള്‍ മാത്രമാണ് മത്സരത്തില്‍ ബൗള്‍ ചെയ്യാനായത്. നാളെ റിസർവ് ദിനമാണ്. ഇരു ടീമിന്റെയും ഓരോ ഇന്നിം​ഗ്സുകൾ പോലും പൂർത്തിയാകാനാത്ത സാഹചര്യത്തിൽ റിസർവ് ദിനം കളി നടക്കുമെന്ന് ഉറപ്പായി. എന്നാൽ നാലാം ദിനവും പൂര്‍ണമായും നഷ്ടമായതോടെ ആവേശത്തോടെ കാത്തിരുന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഫലമുണ്ടാകാനുള്ള സാധ്യത കുറവാണ്. റിസര്‍വ് ദിനത്തിലെ ടിക്കറ്റുകള്‍ ഐസിസി സൗജന്യനിരക്കില്‍ വിതരണം ആരംഭിച്ചിരുന്നു.

146-3 എന്ന സ്കോറിൽ മൂന്നാം ദിനം ബാറ്റിം​ഗ് പുനരാരംഭിച്ച ഇന്ത്യ ഇന്നലെ 217 റൺസിന് ഓൾ ഔട്ടായിരുന്നു. 49 റൺസെടുത്ത അജിങ്ക്യാ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കിവീസിനായി കെയ്ൽ ജമൈസൺ അഞ്ച് വിക്കറ്റെടുത്തു. മത്സര സമനിലയാവുകയാണെങ്കിൽ ഇരു ടീമിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.