ഇന്‍ഡോര്‍ ടെസ്റ്റിലെ ജയത്തോടെ 148 പോയന്‍റും 68.52 വിജയശതമാനവുമായി ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയിരുന്നു. 123 പോയന്‍റും 60.29 വിജയശതമാനമുള്ള ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്താണ്.
അഹമ്മദാബാദ്: വ്യാഴാഴ്ച ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിറങ്ങുമ്പോള്‍ ജയത്തോടെ പരമ്പര വിജയം മാത്രമല്ല ഇന്ത്യ ലക്ഷ്യമിടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്ഥാനവും കൂടിയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ജയിക്കേണ്ടത് അനിവാര്യമാണ്.
എന്നാല്‍ ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സമനില ആയാല്‍ ഇന്ത്യ 2-1ന് പരമ്പര നേടുമെങ്കിലും ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ആരാകും ഓസ്ട്രേലിയയുടെ എതിരാളികളെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കേണ്ടിവരും. ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയാകും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയുടെ എതിരാളികളെ നിര്‍ണയിക്കുക.
ഇന്‍ഡോര്‍ ടെസ്റ്റിലെ ജയത്തോടെ 148 പോയന്‍റും 68.52 വിജയശതമാനവുമായി ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയിരുന്നു. 123 പോയന്‍റും 60.29 വിജയശതമാനമുള്ള ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്താണ്. 64 പോയന്‍റും 53.33 വിജയശതമാനവുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. അതുകൊണ്ടുതന്നെ അഹമ്മദാബാദില്‍ ജയിച്ചാല്‍ ശ്രീലങ്ക-ന്യൂസിലന്‍ഡ് പരമ്പരയുടെ ഫലത്തിനായി കാക്കാതെ ഇന്ത്യക്ക് ഇംഗ്ലണ്ടിലേക്ക് ടിക്കറ്റെടുക്കാം.
എന്നാല്‍ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് സമനിലയായാല്‍ ഇന്ത്യയുടെ വിജയശതമാനം 52.9 ആയി കുറയും. ഈ സാഹര്യത്തിലും ഇന്ത്യക്ക് ഫൈനല്‍ സാധ്യതയുണ്ട്. അതിന് പക്ഷെ ന്യൂസിലന്‍ഡിനെതിരായ പരമ്പര ശ്രീലങ്ക 2-0ന് ജയിക്കാതിരിക്കണം. നിലവിലെ സാഹചര്യത്തില്‍ എവേ പരമ്പരയില്‍ ശ്രീലങ്ക ന്യൂസിലന്‍ഡിനെ 2-0ന് തോല്‍പ്പിക്കില്ലെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടി ഇതുവരെ ഇന്ത്യക്ക് പോലും കഴിയാതിരുന്ന നേട്ടം സ്വന്തമാക്കിയ ചരിത്രം ലങ്കക്കുണ്ട്. ഈ സാഹചര്യത്തില്‍ അഹമ്മദാഹബാദില്‍ ജയിച്ച് കാത്തിരിപ്പും കണക്കുക്കൂട്ടലും ഒഴിവാക്കാനാവും ഇന്ത്യ ശ്രമിക്കുക.
