രണ്ടാം ദിനം ആദ്യ സെഷനില്‍ രണ്ടാം ന്യൂബോള്‍ ഉപയോഗിച്ച് കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താനായില്ലെങ്കില്‍ പിന്നീട് ഓസ്ട്രേലിയയാകും കാര്യങ്ങള്‍ തീരുമാനിക്കുക.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയ ട്രാവിസ് ഹെഡിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ മികച്ച സ്കോറിലേക്ക് കുതിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ നിഷേധാത്മക സമീപനത്തിനെതിരെ തുറന്നടിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടോസ് നേടിയ ശേഷം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തപ്പോഴെ ഇന്ത്യയുടേത് നെഗറ്റീവ് സമീപനമാണെന്ന് വ്യക്തമായിരുന്നുവെന്ന് രവി ശാസ്ത്രി പറഞ്ഞു.

പോസറ്റീവ് സമീപനമായിരുന്നെങ്കില്‍ ടോസ് നേടിയശേഷം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു വേണ്ടിയിരുന്നത്. ആദ്യ സെഷനില്‍ കരുതലോടെ പിടിച്ചു നില്‍ക്കുകയും ആദ്യ ദിനം കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകാതെ 250-260 സ്കോര്‍ നേടുകയും ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്ക് ടെസ്റ്റില്‍ ശക്തമായ നിലയിലെത്താമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഓസ്ട്രേലിയ ഈ ടെസ്റ്റില്‍ ആധിപത്യം നേടിക്കഴിഞ്ഞുവെന്നും ഇന്ത്യന്‍ ബൗളര്‍മാരുടെ അപ്രതീക്ഷിത തിരിച്ചുവരവിനല്ലാതെ മറ്റൊന്നിനും ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാനാവില്ലെന്നും ശാസ്ത്രി വ്യക്തമാക്കി.

രണ്ടാം ദിനം ആദ്യ സെഷനില്‍ രണ്ടാം ന്യൂബോള്‍ ഉപയോഗിച്ച് കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താനായില്ലെങ്കില്‍ പിന്നീട് ഓസ്ട്രേലിയയാകും കാര്യങ്ങള്‍ തീരുമാനിക്കുക. വിക്കറ്റെടുക്കാനാണ് ബൗളര്‍മാര്‍ ശ്രമിക്കേണ്ടത്. കാര്യങ്ങള്‍ സംഭവിക്കാനായി കാത്തിരുന്നാല്‍ ഈ കളി കൈയില്‍ നിന്ന് പോകും. രണ്ടാം ദിനത്തിലെ ആദ്യ 45 മിനിറ്റ് നിര്‍ണായകമാണ്. ഈ സമയത്ത് വിക്കറ്റെടുക്കാനായില്ലെങ്കില്‍ ഓസ്ട്രേലിയ രണ്ടാം സെഷന്‍ കഴിയുമ്പോഴേക്കും 200 റണ്‍സെങ്കിലും അടിച്ചെടുക്കുമെന്നും ശാസ്ത്രി പറഞ്ഞു.

അശ്വിനെ തള്ളിയത് മണ്ടത്തരം! സ്പിന്നര്‍ക്കായി വാദിച്ച് പോണ്ടിംഗും ഗവാസ്‌ക്കറും ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍

ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്ത ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡ് തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. 95 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്ത് രണ്ടാം ദിനം തുടക്കത്തിലെ സെഞ്ചുറി പൂര്‍ത്തിയാക്കി. ആദ്യ ദിനം 73-3 എന്ന സ്കോറില്‍ പ്രതിരോധത്തിലായശേഷമാണ് ഓസീസ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 327 റണ്‍സിലെത്തിയത്.