Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നിര്‍ണായക ടോസ്; സര്‍പ്രൈസ് ടീമുമായി ഇന്ത്യ

ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇറങ്ങുമ്പോള്‍ ചേതേശ്വര്‍ പൂജാര, വിരാട് കോലി അജിങ്ക്യാ രഹാനെ എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര.

WTC Final Live Updates, Toss and Team News, India Won the toss against Australia and choose to field gkc
Author
First Published Jun 7, 2023, 2:42 PM IST

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പുല്ലും കണക്കിലെടുത്താണ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. പിച്ചും സാഹചര്യവും കണക്കിലെടുത്ത് നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ ഇറങ്ങുന്നതെന്നും രോഹിത് വ്യക്തമാക്കി. ടോസ് നേടിയിരുന്നെങ്കില്‍ ഓസ്ട്രേലിയയും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് പറ‍ഞ്ഞു.

പുല്ലുള്ള ഓവലിലെ പിച്ചില്‍ തുടക്കത്തില്‍ പേസര്‍മാരെ തുണക്കുമെങ്കിലും പിന്നീട് ബാറ്റിംഗിന് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാലാം ഇന്നിംഗ്സില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക റോളുണ്ടാകുമെന്ന് കരുതുന്ന പിച്ചില്‍ ഒരു സ്പിന്നറുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യന്‍ ടീമിലെ ഏക സ്പിന്നര്‍. പേസര്‍മാരായി മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനുമൊപ്പം ഉമേഷ് യാദവും ഷാര്‍ദ്ദുല്‍ താക്കൂറും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ശ്രീകര്‍ ഭരത്താണ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ കളിക്കുന്നത്.

ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇറങ്ങുമ്പോള്‍ ചേതേശ്വര്‍ പൂജാര, വിരാട് കോലി അജിങ്ക്യാ രഹാനെ എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര.

'രോഹിത്തിന്‍റെ ബാറ്റിംഗ് ആദ്യം കണ്ടപ്പോഴാണ് അക്കാര്യം തിരിച്ചറിഞ്ഞത്'; തുറന്നു പറഞ്ഞ് കോലി

ഓസ്ട്രേലിയന്‍ ടീമില്‍ പരിക്കേറ്റ് പുറത്തായ ജോഷ് ഹേസല്‍വുഡിന് പകരം സ്കോട് ബോളണ്ട് അന്തിമ ഇലവനിലെത്തിയപ്പോള്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് മറ്റ് പേസര്‍മാര്‍. ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ആണ് നാലാം പേസര്‍. സ്പിന്നറായി നേഥന്‍ ലിയോണ്‍ ടീമിലെത്തിയപ്പോള്‍ ബാറ്റര്‍മാരായി ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്സ് ക്യാരി എന്നിവരാണ് ഓസീസ് ടീമിലുള്ളത്.

ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്നെ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് ക്യാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളൻഡ്

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ(സി), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത്, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Follow Us:
Download App:
  • android
  • ios