ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം. 

ദുബായ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുകയും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തതോടെ മാറി മറിഞ്ഞ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടിക. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിക്കുക കൂടി ചെയ്തതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം.

ഓസ്ട്രേലിയക്കെതിരെ 5-0, 4-1,3-0 ജയം നേടിയാല്‍

ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യക്ക് പരമ്പരയില്‍ 5-0, 4-1, അല്ലെങ്കില്‍ 3-0 വിജയം നേടിയാല്‍ മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടാം. ഫൈനലിലെത്താന്‍ പിന്നീട് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാവും പ്രധാന മത്സരം. ഇനി ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 3-1നാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യക്ക് ഫൈനലിലെത്താന്‍ മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കേണ്ടിവരും. അതില്‍ പ്രധാനം രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരെ ജയിക്കാതിരിക്കുക എന്നതാണ്. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ജയിക്കുകയും ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 3-1ന് പരമ്പര നേടുകയും ചെയ്താലും ഇന്ത്യക്ക് ഫൈനലുറപ്പിക്കാനാവില്ല.

മുഷ്താഖ് അലി ട്രോഫി: റൺവേട്ടയിൽ തിലക് വർമ ഒന്നാമത്, ആദ്യ പത്തിൽ ഒരു മലയാളി താരവും; സഞ്ജുവിന് ആദ്യ 50ൽ ഇടമില്ല

ഓസ്ട്രേലിയക്കെതിരെ 3-2ന് ജയിച്ചാല്‍

ഇനി ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 3-2നാണ് ടെസ്റ്റ് പരമ്പര നേടുന്നതെങ്കില്‍ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു മറിയും. ഈ സാഹചര്യത്തില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ശ്രീലങ്കയില്‍ നടക്കുന്ന ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തിലെങ്കിലും ശ്രീലങ്ക സമനില നേടിയാല്‍ ഇന്ത്യക്ക് ഫൈനലിലെത്താനുള്ള വഴി തെളിയും. ജനുവരി 29നാണ് രണ്ട് മത്സരങ്ങളടങ്ങിയ ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര 2-2 സമനിലയായാല്‍

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര 2-2 സമനിലയായാൽ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ വീണ്ടും മങ്ങും. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഫൈനലിലെത്താന്‍ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ജയിച്ച് 2-0ന് പരമ്പര തൂത്തുവാരണം. ഇതിന് പുറമെ ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്ക കുറഞ്ഞത് 1-0നെങ്കിലും ജയിക്കുകയും വേണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക