ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം സതാംപ്ടണിലെത്തി. ഇന്നലെ മുംബൈയിൽ നിന്ന് യാത്ര തിരിച്ച ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീം അം​ഗങ്ങൾ ഇന്നാണ് ലണ്ടനിലെത്തിയത്. ഇന്ത്യയിൽ ക്വാറന്റീനിലായിരുന്ന താരങ്ങൾ സതാംപ്ടണിൽ 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കണം. ‌

സതാംപ്ടണിലെ ഏജീസ് ബൗൾ സ്റ്റേഡ‍ിയത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രങ്ങൾ ഇന്ത്യൻ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും റിഷഭ് പന്തും ​വൃദ്ധിമാൻ സാഹയും ജസ്പ്രീത് ബുമ്രയും ഗ്രൗണ്ടിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവെച്ചത്.

18 മുതലാണ് ന്യൂസിലൻഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഫൈനലിന് മുമ്പുള്ള ക്വാറന്റീൻ കാലയളവിൽ താരങ്ങൾ തമ്മിൽ മത്സരങ്ങൾ കളിക്കാൻ അനുമതി ലഭിച്ചേക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം ഓ​ഗസ്റ്റ് നാലു മുതൽ ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലും ഇന്ത്യ കളിക്കും.

മിതാലി രാജിന്റെ നേതൃത്വത്തിലുള്ള വനിതാ ടീമും സതാംപ്ടണിലെത്തിയിട്ടുണ്ട്. ഇം​ഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യൻ വനിതാ ടീം കളിക്കും. ഹർമൻപ്രീത് കൗറാണ് ടി20യിൽ ഇന്ത്യയെ നയിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.