Asianet News MalayalamAsianet News Malayalam

സതാംപ്ടണിലെ കാലാവസ്ഥാ പ്രവചനത്തിൽ കണ്ണുംനട്ട് ഇന്ത്യ; തോൽവി ഒഴിവാക്കാൻ പോരാട്ടം

ടിം സൗത്തിയുടെയും ട്രെന്റ് ബോൾട്ടിന്റെയും സ്വിം​ഗിലാണ് കിവീസ് പ്രതീക്ഷകൾ. ഭേദപ്പെട്ട ലീഡ് നേടി ന്യൂസിലൻഡിനെ ബാറ്റിം​ഗിന് ക്ഷണിച്ച് അവരെ ഓൾ ഔട്ടാക്കുക എന്നത് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഏറെക്കുറെ അസാധ്യമാണെന്നിരിക്കെ പരമാവധി ഓവറുകൾ പിടിച്ചു നിൽക്കാനാവും ഇന്ത്യയുടെ ശ്രമം

WTC Final: Southampton weather No rain on Day 6
Author
Southampton, First Published Jun 23, 2021, 11:50 AM IST

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇതുവരെ മഴയുടെ കളിയായിരുന്നെങ്കിൽ ഇന്ന് ബാറ്റും ബോളും തമ്മിലുള്ള തീ പാറുന്ന പോരാട്ടം കാണാനാകും. സതാംപ്ടണിൽ ഇന്ന് ആകാശം മേഘാവൃതമായിരിക്കുമെങ്കിലും ഇന്ന് മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലവസ്ഥാ പ്രവചനം.

ജയപ്രതീക്ഷ ഏതാണ്ട് അസ്തമിച്ച ഇന്ത്യ സമനിലയ്ക്ക് വേണ്ടിയാവും ഇന്ന് പൊരുതുക. എട്ട് വിക്കറ്റ് ശേഷിക്കെ 32 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. ക്രീസിലുള്ള ചേതേശ്വർ പൂജാരയുടെയും ക്യാപ്റ്റൻ വിരാട് കോലിയുടെയും പ്രകടനങ്ങളാകും റിസർവ് ദിനത്തിൽ നിർണായകമാകുക. അവസാന ദിവസത്തെ ആദ്യ ഒരു മണിക്കൂറിൽ വിക്കറ്റ് വീഴാതെ പിടിച്ചു നിൽക്കാനാവും ഇന്ത്യയുടെ ശ്രമം.

ടിം സൗത്തിയുടെയും ട്രെന്റ് ബോൾട്ടിന്റെയും സ്വിം​ഗിലാണ് കിവീസ് പ്രതീക്ഷകൾ. ഭേദപ്പെട്ട ലീഡ് നേടി ന്യൂസിലൻഡിനെ ബാറ്റിം​ഗിന് ക്ഷണിച്ച് അവരെ ഓൾ ഔട്ടാക്കുക എന്നത് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഏറെക്കുറെ അസാധ്യമാണെന്നിരിക്കെ പരമാവധി ഓവറുകൾ പിടിച്ചു നിൽക്കാനാവും ഇന്ത്യയുടെ ശ്രമം.

ഇന്ന് പരമാവധി 98 ഓവറുകളാണ് പന്തെറിയാനാവുക. 200ന് മുകളിലുള്ള വിജയലക്ഷ്യം നൽകി അവസാന സെഷനിൽ കിവീസിനെ ബാറ്റിം​ഗിന് വിട്ട് ഭാ​ഗ്യപരീക്ഷണത്തിന് ഇന്ത്യ മുതിരുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ആദ്യ രണ്ട് സെഷനിലെ പ്രകടനമാവും ഇക്കാര്യത്തിൽ നിർണായകമാകുക.

ആദ്യ ഒരു മണിക്കൂറിൽ പൂജാരയും കോലിയും പിടിച്ചുനിന്നാൽ റിഷഭ് പന്തിനെ പോലെ പിന്നാലെ വരുന്നവർക്ക് ആത്മവിശാസത്തോടെ വേ​ഗത്തിൽ സ്കോർ ചെയ്യാനാവും. ആദ്യ മണിക്കൂറിൽ വിക്കറ്റ് നഷ്ടമായാൽ പിന്നീട് പിടിച്ചു നിൽക്കാനാവും ഇന്ത്യയുടെ ശ്രമം.

മത്സരത്തിൽ ഇതുവരെ ഇരു ടീമുകളിലുമായി ഒരേയൊരു ബാറ്റ്സ്മാൻ മാത്രമാണ് അർധസെഞ്ചുറി കണ്ടെത്തിയത് എന്നത് ബാറ്റിം​ഗ് എത്രമാത്രം ദുഷ്കരമാണെന്നതിന്റെ തെളിവാണ്. എന്നാൽ തെളിച്ചമുള്ള കാലാവസ്ഥയിൽ ബാറ്റിം​ഗ് കുറച്ചു കൂടി എളുപ്പമാകുമെന്നതാണ് ഇന്ത്യയുടെ ഇന്നത്തെ പ്രതീക്ഷ. മത്സരം സമനിലയായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

Follow Us:
Download App:
  • android
  • ios