ഇന്ത്യക്കായി ടി20യില്‍ ഫിഫ്റ്റിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓപ്പണറും പ്രായം കുറഞ്ഞ നാലാമത്തെ ബാറ്ററുമാണ് യശസ്വി. ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും നിറം മങ്ങിയ ഗില്ലിന്‍റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇന്നലെ കണ്ടത്
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറികളുമായി തകര്‍ത്താടിയ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് അടിച്ചെടുത്തത് ഒരുപിടി റെക്കോര്‍ഡുകള്‍. തന്‍റെ രണ്ടാം മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറിയുമായി തകര്‍ത്തടിച്ച യശസ്വി ജഡയ്സ്വാള്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓപ്പണറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമെന്ന റെക്കോര്‍ഡിനൊപ്പമെത്താനും ഗില്ലിനും യശസ്വിക്കും 165 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ കഴിഞ്ഞു. 2017ല്‍ ശ്രീലങ്കക്കെതിരെ ഇന്‍ഡോറില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ സഖ്യത്തിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ഗില്ലും യശസ്വിയും എത്തിയത്.

ഇന്ത്യക്കായി ടി20യില്‍ ഫിഫ്റ്റിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓപ്പണറും പ്രായം കുറഞ്ഞ നാലാമത്തെ ബാറ്ററുമാണ് യശസ്വി. ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും നിറം മങ്ങിയ ഗില്ലിന്‍റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇന്നലെ കണ്ടത്. 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്‍ 47 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി യശസ്വിയാകട്ടെ 51 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു.
യശസ്വിയും ഗില്ലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 165 റണ്‍സ് അടിച്ചെങ്കിലും ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും മലയാളി താരം സഞ്ജു സാംസണിന്‍റെയും ദീപക് ഹൂഡയുടെയും പേരിലാണ്. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ സഞ്ജു-ഹൂഡ സഖ്യത്തിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ ഇന്നലെ ജയ്‌സ്വാള്‍-ഗില്‍ സഖ്യത്തിനായില്ല. അന്ന് ഹൂഡ സെഞ്ചുറി(104) നേടിയപ്പോള്‍ സഞ്ജു 77 റണ്‍സടിച്ചിരുന്നു.ഇന്നലെ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല.
