ന്യൂസിലൻഡ് എയ്ക്കെതിരായ അനാദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ മോശം ഫോം തുടരുന്നു. രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ താരം റൺസെടുക്കാതെ പുറത്തായി. വരാനിരിക്കുന്ന പ്രധാന ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ജയ്‌സ്വാളിന്റെ ഈ പ്രകടനം ഇന്ത്യക്ക് വലിയ ആശങ്കയാണ് നൽകുന്നത്.
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കാനരിക്കെ ഇന്ത്യക്ക് തലവേദനയായി ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ബാറ്റിംഗ് ഫോം. ന്യൂസിലന്‍ഡ് എയ്ക്കെതിരായ രണ്ടാം അനാദ്യോഗിക ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ താരം റണ്‍സെടുക്കാതെ പുറത്തായിരുന്നു. ഈ പര്യടനത്തില്‍ തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്‌സിലാണ് ജയ്സ്വാള്‍ നിരാശപ്പെടുത്തിയത്. കെ എല്‍ രാഹുലിനൊപ്പം ഒന്നാം നമ്പര്‍ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കുന്ന ജയ്സ്വാളിന് ക്രിസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ നടന്ന രണ്ടാം മത്സരത്തിലും ഫോം വീണ്ടെടുക്കാന്‍ സാധിച്ചില്ല.
ആദ്യ അനാദ്യോഗിക ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലുമായി ആകെ 22 റണ്‍സ് (17, 5) മാത്രമാണ് ഈ ഇടങ്കയ്യന്‍ ബാറ്ററിക്ക് നേടാനായിരുന്നത്. വരാനിരിക്കുന്ന പ്രധാന ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ജയ്സ്വാളിന് ഫോം വീണ്ടെടുക്കാന്‍ ഇനി ശേഷിക്കുന്ന അവസരങ്ങള്‍ ഏറെ നിര്‍ണായകമാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ-യ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്റെ ആദ്യ ഓവറില്‍ത്തന്നെ ഫ്രേസര്‍ ഷീറ്റിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ജയ്സ്വാള്‍ മടങ്ങിയത്.
തുടര്‍ന്ന് സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും, മോശം ഷോട്ട് സെലക്ഷന്‍ കാരണം ഇന്ത്യന്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണു. അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് സായ് സുദര്‍ശനും യഷ് റാത്തോഡും പുറത്തായപ്പോള്‍, മികച്ച ബാറ്റിംഗ് പുറത്തെടുത്ത ദേവ്ദത്ത് പടിക്കല്‍ 80 റണ്‍സെടുത്ത് ബൗള്‍ഡായി. തൊട്ടടുത്ത പന്തില്‍ സ്മരണ്‍ രവിചന്ദ്രന്‍ ഗോള്‍ഡന്‍ ഡക്കായും പുറത്തായതോടെ ഇന്ത്യ എ വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ചു. ന്യൂസിലന്‍ഡിനായി ഫ്രേസര്‍ ഷീറ്റ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.





