യശസ്വി ജയ്സ്വാള്‍ വിശാഖപട്ടണം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 290 പന്തില്‍ 19 ഫോറും 7 സിക്സറും സഹിതം 209 റണ്‍സെടുത്തിരുന്നു
വിശാഖപട്ടണം: വെറും 22-ാം വയസില്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ കയ്യടി വാങ്ങിയിരുന്നു. ഇതിന് പിന്നാലെ യശസ്വിയെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റില്‍ ഒതുങ്ങിയില്ല സാക്ഷാല്‍ സച്ചിന്‍റെ സന്തോഷവും പ്രശംസയും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യശസ്വി ജയ്സ്വാള്‍.
'ഞാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായും സംസാരിച്ചിരുന്നു. എന്നെ അഭിനന്ദിച്ച അദേഹം കഠിനാധ്വാനം തുടരണം എന്ന് നിര്‍ദേശിച്ചു. സ്ഥിരത നിലനിര്‍ത്തേണ്ട വളരെ പ്രധാനപ്പെട്ട സമയമാണിത് എന്ന് അദേഹം പറഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആശംസകള്‍ക്ക് നന്ദി പറയുന്നു. സച്ചിന്‍ എപ്പോഴും എന്‍റെ മാതൃകാ താരമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മുമ്പ് 171 നേടിയപ്പോള്‍ എനിക്ക് ഡബിള്‍ സെഞ്ചുറി നേടണമെന്നുണ്ടായിരുന്നു. എന്നാലത് സംഭവിച്ചില്ല. കഠിനാധ്വാനം തുടര്‍ന്നാല്‍ റണ്‍സ് സ്വമേധയാ വരും. എന്‍റെ ജീവിതചര്യ വളരെ എത്ര നേരം ഉറങ്ങുന്നു, എന്ത് കഴിക്കുന്നു, എങ്ങനെ പരിശീലനം നടത്തുന്നു. എല്ലാം കൃത്യമായി പോകുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ടീമിനായി കളിക്കാനാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്. വിശാഖപട്ടണത്തെ പിച്ച് നല്ലതായിരുന്നു. ക്രീസില്‍ ക്ഷമയോടെ കാലുറപ്പിച്ച് നിന്നാല്‍ മികച്ച ഇന്നിംഗ്സ് കളിക്കാമെന്ന് മനസിലാക്കി. തുടക്കത്തിലെ ടീമിന് വിക്കറ്റുകള്‍ നഷ്ടമായതിനാല്‍ സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് കളിക്കാനാണ് വിശാഖപട്ടണത്ത് ശ്രമിച്ചത്' എന്നും യശസ്വി ജയ്സ്വാള്‍ മത്സര ശേഷം പറഞ്ഞു.
വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലാണ് യശസ്വി ജയ്സ്വാള്‍ ഇരട്ട ശതകം നേടിയത്. 290 പന്തില്‍ 19 ഫോറും 7 സിക്സറും സഹിതം യശസ്വി 209 റണ്‍സെടുത്തു. മറ്റ് ഇന്ത്യന്‍ താരങ്ങളാരും 40 റണ്‍സിനപ്പുറം സ്കോര്‍ നേടാതിരുന്ന സാഹചര്യത്തിലായിരുന്നു യശസ്വി ജയ്സ്വാളിന്‍റെ ഉശിരന്‍ പോരാട്ടം. ആദ്യ ദിനം പുറത്താവാതെ 179 റണ്‍സുമായി ഇംഗ്ലണ്ടിനെതിരെ ഒന്നാം ദിവസം ടീം ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന താരമെന്ന നേട്ടവും ജയ്സ്വാള്‍ സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും യശസ്വി സ്വന്തമാക്കിയിരുന്നു.
