മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് മൂന്നാം സ്ഥാനത്തായി. 2002ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ദ്രാവിഡ് 100.33 ശരാശരിയില്‍ 602 റണ്‍സാണ് അടിച്ചെടുത്തത്.

റാഞ്ചി: ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടത്തില്‍ വിരാട് കോലിക്കൊപ്പമെത്തി ഇന്ത്യയുടെ യുവതാരം യശസ്വി ജയ്‌സ്വാള്‍. ഇരുവര്‍ക്കും ഇപ്പോള്‍ 655 റണ്‍സ് വീതമാണുള്ളത്. ഒരു മത്സരം കൂടി ബാക്കി നില്‍ക്കെ ജയ്‌സ്വാളിന് അനായാസം കോലിയെ മറികടക്കാന്‍ സാധിക്കും. എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 93.57 ശരാശരിയിലാണ് ജയ്‌സ്വളിന്റെ നേട്ടം. എട്ട് ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള കോലി 109.5 ശരാശരിയിലാണ് 655ലെത്തിയത്. 2016ല്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ വന്നപ്പോഴാണ് കോലി റെക്കോര്‍ഡിട്ടത്. 

ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് മൂന്നാം സ്ഥാനത്തായി. 2002ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ദ്രാവിഡ് 100.33 ശരാശരിയില്‍ 602 റണ്‍സാണ് അടിച്ചെടുത്തത്. 2018 പര്യടനത്തില്‍ 593 റണ്‍സ് നേടിയ കോലി തന്നെയാണ് നാലാം സ്ഥാനത്ത്. 1961-62ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ വിജയ് മഞ്ജരേക്കര്‍ 586 റണ്‍സ് നേടിയതും പട്ടികയിലുണ്ട്. അതേസമയം, ഒരു ടീമിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും ജയ്‌സ്വാളിന് സ്വന്തമാക്കാന്‍ സാധിച്ചേക്കും. 

ഇനി കോലിയും സുനില്‍ ഗവാസ്‌ക്കറും മാത്രമാണ് ജയ്‌സ്വളിന് മുന്നിലുള്ളത്. കോലി (ഓസ്ട്രേലിയക്കെതിരെ 2014ല്‍ 692), സുനില്‍ ഗവാസ്‌കര്‍ (വെസ്റ്റ് ഇന്‍ഡീസിനെതിരെ 1978ല്‍ 732), ഗവാസ്‌കര്‍ (വിന്‍ഡീസിനെതിരെ 1971ല്‍ 774) എന്നീ സ്‌കോറുകളാണ് ഇനി ജയ്സ്വാളിന്റെ മുന്നിലുള്ളത്. 2003ല്‍ ദ്രാവിഡ് ഓസ്ട്രേലിയക്കെതിരെ നേടിയ 619 റണ്‍സും ദിലീപ് സര്‍ദേശായ് (വെസ്റ്റ് ഇന്‍ഡീസിനെ 1971ല്‍ 642) റണ്‍സും ജയ്‌സ്വാള്‍ മറികടന്നിരുന്നു. ഇപ്പോള്‍ കോലിക്കൊപ്പവും. ഈ പരമ്പരയില്‍ ഒന്നാകെ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടാന്‍ ജയ്സ്വാളിന് സാധിച്ചിരുന്നു.

ക്രീസിലുറച്ച് ഗില്‍-ജുറെല്‍ സഖ്യം! ഇംഗ്ലീഷ് പ്രതിരോധം കടന്ന് ഇന്ത്യ; റാഞ്ചിയില്‍ ജയം അഞ്ച് വിക്കറ്റിന്, പരമ്പര

അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ വിജയം നേടിയതോടെയാണ് ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ (3-1) പരമ്പര നേടിയത്. നാലാം ടെസ്റ്റില്‍ 192 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവച്ചത്. ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ (52), ധ്രുവ് ജുറെല്‍ (39) എന്നിവരാണ് ക്രീസില്‍ ഉറച്ചുനിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശര്‍മ (55)യാണ് ടോപ് സ്‌കോറര്‍.