ദില്ലി: ക്രിക്കറ്റ് കരിയറില്‍ ഒരു സമയത്തും സ്വാര്‍ത്ഥത കാണിക്കാത്ത താരമാണ് സുരേഷ് റെയ്‌നയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ആശംസകള്‍ അറിച്ചുകൊണ്ട് മോദി റെയ്‌നയ്ക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം എം എസ് ധോണിക്കും അദ്ദേഹം ഇതുപോലൊരുകത്തയച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് ധോണിക്കൊപ്പം റെയ്‌നയും ക്രിക്കറ്റില്‍ വിരമിക്കാന്‍ തീരുമാനിച്ചത്.

റെയ്‌ന വിരമിച്ചുവെന്ന് പറയാനാവുന്നില്ലെന്നും തീരുമാനം വളരെ നേരത്തെയായെന്നും മോദി കത്തില്‍ വിശദീകരിച്ചു. കത്തിന്റെ ഉള്ളടക്കം ഇങ്ങനെ... ''ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണ് നിങ്ങള്‍ ആഗസ്റ്റ് 15ന് എടുത്തത്. വളരെ നേരത്തെയാണ് ആ തീരുമാനം. നിങ്ങള്‍ വിരമിക്കുകയാണെന്ന് പറയാന്‍ പോലും വയ്യ. ക്രിക്കറ്റിലെ മഹത്തായ ഇന്നിങ്‌സിന് ശേഷം മറ്റൊരു ഇന്നിങ്‌സിലേക്ക് കാലെടുത്ത് വെക്കുകയാണ് നിങ്ങള്‍ എല്ലാവിധ ആശംസകളും. 

നിങ്ങളുടെ ഓരോ ശ്വാസത്തിലും ക്രിക്കറ്റ് ഉണ്ടായിരുന്നെന്നറിയാം. ജീവിതത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ നിങ്ങള്‍ കരിയര്‍ ആരംഭിച്ചു. ഒരു ബാറ്റ്‌സ്മാന്‍ എന്നതില്‍ മാത്രം ഒതുങ്ങി നിന്നില്ല നിങ്ങള്‍. ക്യാപ്റ്റന് ആവശ്യമുള്ള സമയത്തെല്ലാം പന്തെറിഞ്ഞു. കൂടാതെ ഫീല്‍ഡിങ്ങിലും മികച്ച സംഭാവനകള്‍ നല്‍കി. ടി20 ക്രിക്കറ്റിലെത്തിയപ്പോള്‍ അവിടെയും നിങ്ങള്‍ വിജയമായി. 2011 ലോകകപ്പില്‍ നിങ്ങള്‍ ഓസ്‌ട്രേലിയക്കെതിരെ പുറത്തെടുത്ത പോരാട്ടവീര്യം മറക്കാനാവില്ല. ശ്രദ്ധയോടെ ബാറ്റ് വീശീയ താങ്കള്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നിങ്ങളുടെ മനോഹരമായ കവര്‍ഡ്രൈവുകള്‍ എന്നന്നേക്കുമായി ക്രിക്കറ്റ് ലോകം മിസ് ചെയ്യും. 

നിങ്ങളുടെ പോരാട്ടവീര്യം ഒരുപാട് യുവതാരങ്ങള്‍ക്ക് പ്രചോദനമാണ്. നിരവധി തവണ പരിക്കേറ്റിട്ടുണ്ടെന്നറിയാം. അതില്‍ നിന്നെല്ലാം തിരിച്ചുകയറിയ ചരിത്രമാണ് നിങ്ങള്‍ക്കുള്ളത്. ഒരിക്കലും സ്വര്‍ത്ഥതയോടെ കളിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും കളിച്ചിട്ടുള്ളത് രാജ്യത്തിന് വേണ്ടിയാണ് ടീമിന് വേണ്ടിയാണ്. വിരമിച്ച ശേഷമുള്ള കാലം കുടുംബത്തോടൊപ്പം സുഖകരമായി ചെലവഴിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.'' മോദി പറഞ്ഞു. 

റെയ്‌ന തന്നെയാണ് കത്ത് സോഷ്യല്‍ മീഡീയയിയൂലടെ പുറത്തുവിട്ടത്. കത്തിനൊപ്പമുള്ള കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്... ''ചോരയും നീരും കൊടുത്താണ് രാജ്യത്തിന് വേണ്ടി കളിച്ചത്. ഇതിനേക്കാള്‍ വലിയ അഭിനന്ദനം എനിക്ക് കിട്ടാനില്ല. നിങ്ങളുടെ വാക്കുകള്‍ക്ക് ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുന്നു. റെയ്‌ന പറഞ്ഞുനിര്‍ത്തി.