തന്‍റെ ക്രിക്കറ്റ് കരിയറില്‍ ആദ്യമായാണ് ചാമ്പ്യൻമാരായ ടീമിന് കിരീടം നല്‍കാതിരിക്കുന്ന സംഭവമെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. എന്‍റെ ക്രിക്കറ്റ് കരിയറില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല.
ദുബായ്:ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ വീഴ്ത്തി കിരീടം നേടിയശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന്‍റെ വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ്. മത്സരത്തിനുശേഷം പാക് താരങ്ങള്‍ക്ക് കൈ കൊടുക്കാന്‍ തയാറാവാതിരുന്നതിനെയും കിരീടം ഏറ്റുവാങ്ങാന്‍ കൂട്ടാക്കതിരുന്നതിനെയും കുറിച്ച് ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകനാണ് സൂര്യകുമാര്‍ മറുപടി നല്‍കിയത്.
നിങ്ങള്‍ മികച്ച കളി കാഴ്ചവെച്ച് കിരീടം നേടി, പക്ഷെ എന്‍റെ ചോദ്യം ഇതാണ്, ടൂര്‍ണമമെന്‍റില്‍ പാക് ടീമിനോടുള്ള പെരുമാറ്റത്തെക്കുറിച്ചാണ്, ഹസ്തദാനം നല്‍കാൻ തയാറായില്ല, ട്രോഫി ഫോട്ടോ ഷൂട്ടിന് തയാറായില്ല, വാര്‍ത്താ സമ്മേളനത്തില്‍ രാഷ്ട്രീയം കലര്‍ത്തി, ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്ന ആദ്യ ക്യാപ്റ്റനായി എന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ചോദ്യം മനസിലാത്തതുപോലെ പ്രതികരിച്ച സൂര്യകുമാര്‍ യാദവ്, താങ്കള്‍ക്ക് നല്ല ദേഷ്യം വരുന്നുണ്ടല്ല, താങ്കള്‍ എന്താണ് ചോദിക്കുന്നതെന്ന് എനിക്ക് മനസിലായില്ലെന്ന് മറുപടി നല്‍കി. ഏഷ്യാ കപ്പില്‍ കിരീടം നല്‍കാതിരുന്ന നടപടിയെയും സൂര്യകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചെയ്തു.
തന്‍റെ ക്രിക്കറ്റ് കരിയറില്‍ ആദ്യമായാണ് ചാമ്പ്യൻമാരായ ടീമിന് കിരീടം നല്‍കാതിരിക്കുന്ന സംഭവമെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. എന്‍റെ ക്രിക്കറ്റ് കരിയറില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. അതും കഷ്ടപ്പെട്ട് നേടിയ കിരീടം. തുടര്‍ച്ചയായി ഏഴ് കളികള്‍ ജയിച്ച് ചാമ്പ്യൻമാരായ ടീമിന് കിരീടം നിഷേധിച്ചത് അംഗീകരിക്കാനാവില്ല. ഞങ്ങള്‍ കിരീടം അര്‍ഹിച്ചിരുന്നു. ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു സൂര്യകുമാറിന്‍റെ പ്രതികരണം.
ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.


