കോലി തന്ന പിന്തുണയ്‌ക്കും പ്രചോദനത്തിനും എത്ര നന്ദിപറഞ്ഞാലും മതിയാവില്ലെന്ന് സിറാജിന്‍റെ വാക്കുകള്‍ 

ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ (Indian Test Team) ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക് (Virat Kohli) ഹൃദയസ്‌പര്‍ശിയായ വാക്കുകളുമായി പേസര്‍ മുഹമ്മദ് സിറാജ് (Mohammed Siraj). എക്കാലത്തും തന്‍റെ ക്യാപ്റ്റന്‍ കോലിയായിരിക്കുമെന്ന് സിറാജ് ഇന്‍സ്റ്റഗ്രാമില്‍ (Instagram) കുറിച്ചു. സിറാജിനെ ഇന്ത്യന്‍ പേസ് നിരയിലെ കരുത്തരിലൊരാളായി വളര്‍ത്തിയെടുത്ത നായകനാണ് വിരാട് കോലി. 

'നിങ്ങള്‍ തന്ന പിന്തുണയ്‌ക്കും പ്രചോദനത്തിനും എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. എക്കാലവും എന്‍റെ മൂത്ത സഹോദരനായിരിക്കും നിങ്ങള്‍. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദിയറിയിക്കുന്നു. എന്‍റെ ഏറ്റവും മോശം കാലത്ത് നല്ലത് കണ്ടതിനും നന്ദി. കിംഗ് കോലി, നിങ്ങളായിരിക്കും' എന്നും എന്‍റെ ക്യാപ്റ്റന്‍ എന്നും ഇന്‍സ്റ്റയില്‍ മുഹമ്മദ് സിറാജ് കുറിച്ചു. 

ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയശതമാനം. ആകെ 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചപ്പോള്‍ 40 മത്സരങ്ങള്‍ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടി ചരിത്രമെഴുതിയ കോലി ദക്ഷിണാഫ്രിക്കയില്‍ ടീം ഇന്ത്യ പരമ്പര ജയത്തിനരികെ കാലിടറി വീണതിന് പിന്നാലെ രാജിവയ്ക്കുകയായിരുന്നു. 

ഇതോടെ മൂന്ന് ഫോർമാറ്റിലും നായകപദവിയില്‍ നിന്ന് കിംഗ് കോലിയുടെ പടിയിറക്കം പൂർത്തിയായി. ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കോലി ക്യാപ്റ്റനായിരിക്കേയാണ് ടീം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് നിര സൃഷ്‌ടിക്കപ്പെട്ടത്. ഈ പേസ് ഫാക്‌ടറിയിലെ സുപ്രധാന കണ്ണികളിലൊരാളാണ് നിലവില്‍ മുഹമ്മദ് സിറാജ്. കോലിക്ക് കീഴില്‍ അത്ഭുതാവഹമായ വളര്‍ച്ചയാണ് സിറാജ് കൈവരിച്ചത്. 

SA vs IND : ടെസ്റ്റ് പരീക്ഷയില്‍ തോറ്റ ക്ഷീണം മാറ്റാന്‍ ടീം ഇന്ത്യ; ആദ്യ ഏകദിനം നാളെ