രോഹിത് ശര്‍മ (Rohit Sharma) നായകനായ ഇന്ത്യ, ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ്. കെ എല്‍ രാഹുലിന്റെ (KL Rahull) അഭാവത്തില്‍ ഇഷാന്‍ കിഷനോ, റുതുരാജ് ഗെയ്കവാദോ രോഹിത്തിന്റെ ഓപ്പണിംഗ് പങ്കാളിയായേക്കും. 

കൊല്‍ക്കത്ത: ഇന്ത്യ- വിന്‍ഡീസ് ടി20 (INDvWI) പരമ്പരയ്ക്ക് നാളെ തുടക്കം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. രോഹിത് ശര്‍മ (Rohit Sharma) നായകനായ ഇന്ത്യ, ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ്. കെ എല്‍ രാഹുലിന്റെ (KL Rahull) അഭാവത്തില്‍ ഇഷാന്‍ കിഷനോ, റുതുരാജ് ഗെയ്കവാദോ രോഹിത്തിന്റെ ഓപ്പണിംഗ് പങ്കാളിയായേക്കും. 

വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. ജസ്പ്രിത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തതിനാല്‍ മുഹമ്മദ് സിറാജ് ആകും ബൗളിംഗ് നിരയെ നയിക്കുക. വൈസ് ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിച്ചതായും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐസിസി ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതും വിന്‍ഡീസ് ഏഴാം സ്ഥാനത്തുമാണ്. 

ഇന്ത്യക്ക് തിരിച്ചടി

അതേസമയം പരമ്പരയില്‍ പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദര്‍ കളിക്കില്ല. തുട ഞരമ്പിന് പരിക്കേറ്റ സുന്ദറിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ബെംഗളുരുവിലെ ദേശിയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് സുന്ദര്‍ മാറും. ഐപിഎല്‍ താരലേലത്തില്‍ 8.75 കോടി രൂപയ്ക്ക് സുന്ദറിനെ ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു.

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും സുന്ദര്‍ കളിച്ചിരുന്നു. പരമ്പരയില്‍ 57 റണ്‍സും നാല് വിക്കറ്റുമാണ് സുന്ദര്‍ നേടിയത്. സുന്ദറിന് പകരമായി കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയി, എന്നിവരാണ് ടീമിലെ മറ്റ് സ്പിന്നര്‍മാര്‍.