വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ചുറി പ്രകടനവുമായി മലയാളി താരം. കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന ദേവ്ദത്ത് പടിക്കലാണ് ഗോവയ്‌ക്കെതിരെ സെഞ്ചുറി നേടിയത്. 116 പന്തില്‍ 102 റണ്‍സാണ് ദേവ്ദത്ത് നേടിയത്.

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ചുറി പ്രകടനവുമായി മലയാളി താരം. കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന ദേവ്ദത്ത് പടിക്കലാണ് ഗോവയ്‌ക്കെതിരെ സെഞ്ചുറി നേടിയത്. 116 പന്തില്‍ 102 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഇന്നിങ്‌സിന്റെ കരുത്തില്‍ കര്‍ണാടക എട്ട് വിക്കറ്റിന്റെ ജയം നേടുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ 47.5 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. കര്‍ണാടക 34.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

അഞ്ച് സിക്‌സും ആറ് ഫോറും അടങ്ങുന്നതാണ് ദേവ്ദത്തിന്റെ ഇന്നിങ്‌സ്. സൗരാഷ്ട്രയ്‌ക്കെതിരെ കഴിഞ്ഞ മത്സരത്തിലും ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ സെഞ്ചുറി നേടിയിരുന്നു. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ് ദേവ്ദത്ത്. പാലക്കാട് ചിറ്റൂര്‍ അണിക്കോട് കുന്നത്തുവീട്ടില്‍ ബാബുനുവിന്റെയും എടപ്പാള്‍ പടിക്കല്‍ അമ്പിളിയുടെയും മകനാണ് ദേവ്ദത്ത്. 

വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനമാണ് ദേവ്ദത്ത് നടത്തിയത്. മുംബൈക്കെതിരെ (79), ആന്ധ്രാ പ്രദേശ് (44), ഹൈദരാബാദ് (60), ഝാര്‍ഖണ്ഡ് (58) എന്നിവര്‍ക്കെതിരെ നിര്‍ണായക ഇന്നിങ്‌സ് പുറത്തെടുത്തു. ഇതുവരെ രണ്ട് സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും വിജയ് ഹസാരെ ട്രോഫിയില്‍ നേടി. ഓപ്പണിങ് റോളില്‍ കളിക്കുന്ന ദേവ്ദത്തിന് കൂട്ട് ഇന്ത്യന്‍ താരം കെ എല്‍ രാഹുലാണ്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ഏഷ്യകപ്പില്‍ യുഎഇക്കെതിരെ സെഞ്ചുറി നേടിയിരുന്നു. 

മാതാപിതാക്കള്‍ക്കൊപ്പം ഹൈദരാബാദിലിയുന്നു ദേവ്ദത്ത്. പിന്നീട് 11ാം വയസില്‍ ബംഗളൂരുലേക്ക് കൂടുമാറി. അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ 829 റണ്‍സുമായി ടോപ് സ്‌കോററായപ്പോള്‍ ഇന്ത്യയുടെ യുവ ടീമിലേക്കും വിളിയെത്തി. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി ടസ്‌കേഴ്‌സിന്റെ താരമായ ദേവ്ദത്ത് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി കരാര്‍ ഒപ്പിട്ടിരുന്നു.