ലണ്ടന്‍: ബാറ്റിംഗിന്റെ കാര്യത്തില്‍ ഉപദേശിക്കാന്‍ ചെന്നപ്പോള്‍ പാക് മുന്‍ നായകന്‍ യൂനിസ് ഖാന്‍ കത്തിയെടുത്ത് തന്നെ കുത്താനോങ്ങിയെന്ന് വെളിപ്പെടുത്തി മുന്‍ പാക് ബാറ്റിംഗ് പരിശീലകനും സിംബാബ്‌വെ താരവുമായിരുന്ന ഗ്രാന്‍റ്  ഫ്ലവര്‍. പാക്കിസ്ഥാന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു സംഭവമെന്ന് ഗ്രാന്റ് ഫ്ലവര്‍ പറഞ്ഞു. നിലവില്‍ ശ്രീലങ്കയുടെ ബാറ്റിംഗ് പരിശീലകനാണ് ഗ്രാന്റ് ഫ്ലവര്‍. 2014 മുതല്‍ 2019 വരെയായിരുന്നു ഫ്ലവര്‍ പാക് ടീമിന്റെ ബാറ്റിംഗ് പരിശീലകനായിരുന്നത്.

ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ടെസ്റ്റിനിടെ നടന്ന ആ സംഭവം ഞാനിപ്പോഴും നല്ലപോലെ ഓര്‍ക്കുന്നു. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ഞാന്‍ ബാറ്റിംഗില്‍ ഉപദേശിക്കാനായി യൂനിസിന്റെ അടുത്ത് ചെന്നു. എന്നാല്‍ എന്റെ ഉപദേശം യൂനിസിന് അത്ര പിടിച്ചില്ല. ദേഷ്യത്തോടെ അദ്ദേഹം ഒരു കത്തിയെടുത്ത് എന്റെ കഴുത്തില്‍വെച്ചു. ആ സമയം കോച്ച് മിക്കി ആര്‍തറും അവിടെയുണ്ടായിരുന്നു. അദ്ദേഹം ഇടപെട്ടാണ് പ്രശ്നം തീര്‍ത്തത്.

ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ രസകരമായ സംഭവമായിരുന്നു അത്. ഇതെല്ലാം പരിശീലനത്തിന്റെ ഭാഗമാണ്. പരിശീലനത്തില്‍ ഞാനിനിയും ഏറെ പഠിക്കാനുണ്ട്.  ഇപ്പോള്‍ നേടിയ സ്ഥാനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ ഭാഗ്യവാനാണ്-ഗ്രാന്റ് ഫ്ലവര്‍ പറഞ്ഞു.

2016ലെ പാക്കിസ്ഥാന്റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബ്രിസ്ബേനില്‍ നടന്ന ആദ്യ ടെസ്റ്റിലാണ് ഗ്രാന്റ് ഫ്ലവര്‍ പരാമര്‍ശിച്ച സംഭവം നടന്നത്. ആ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ യൂനിസ് ഖാന്‍ പൂജ്യത്തിന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ യൂനിസ് 65 റണ്‍സെടുത്തു. സിഡ്നിയില്‍ നടന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ യൂനിസ് പുറത്താകാതെ 175 റണ്‍സടിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

പാക്കിസ്ഥാനുവേണ്ടി 118 ടെസ്റ്റ് കളിച്ച യൂനിസ് 52.05 റണ്‍സ് ശരാശരിയില്‍ 10,099 റണ്‍സ് നേടിയിട്ടുണ്ട്.  നിലവില്‍ പാക് ടീമിന്റെ ബാറ്റിംഗ് പരിശീലകനാണ് യൂനിസ് ഖാന്‍. ഗ്രാന്റ് ഫ്ലവറിന്റെ ആരോപണത്തെക്കുറിച്ച് യൂനിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.