മൊഹാലി:ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നയും നല്ല സുഹൃത്തുക്കളാണെന്നുള്ളത് രഹസ്യമല്ല. സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുമ്പോഴും ഇക്കാര്യം വ്യക്തമായതാണ്. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് സിഎസ്‌കെ വിലക്കിയപ്പോള്‍ റെയ്‌ന ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിച്ചിരുന്നു. എന്നാല്‍ വിലക്ക് അവസാനിച്ചപ്പോള്‍ താരത്തെ ചെന്നൈ നിലനിര്‍ത്തിയിരുന്നു.

ഇപ്പോഴിതാ ധോണി- റെയ്‌ന സുഹൃത് ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍താരം യുവരാജ് സിംഗ്. ദേശീയ ടീമിന്റെ ക്യാപ്റ്റനായിരിക്കെ ധോണിക്ക് റെയ്‌ന എപ്പോഴും പ്രിയപ്പെട്ടവനായിരുന്നുവെന്ന് യുവരാജ് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''ഓരോ ക്യാപ്റ്റന്മാര്‍ക്കും ടീമില്‍ ഒരു പ്രിയപ്പെട്ട താരമുണ്ടാവും. ഇന്ത്യന്‍ ടീമില്‍ സുരേഷ് റെയ്‌നയായിരുന്നു ധോണിയുടെ പ്രിയപ്പെട്ട താരം. റെയ്‌നയ്ക്ക് വലിയ പിന്തുണയാണ് ധോണിയില്‍ നിന്ന് ലഭിച്ചത്. മറ്റൊരാളേയും ധോണി ഇത്രയേറെ പിന്തുണച്ചതായി കണ്ടിട്ടില്ല.

2011 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോല്‍ റെയ്‌ന ടീമിലുണ്ടായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് റെയ്‌നയ്ക്ക് ആദ്യം അവസരം ലഭിച്ചത്. നോക്കൗട്ട് റൗണ്ടില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ റെയ്‌നയ്ക്കായിരുന്നു. 2013ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തിയപ്പോഴും റെയ്ന ടീമിന്റെ ഭാഗമായിരുന്നു. ഐപിഎല്ലില്‍ ദീര്‍ഘകാലം ചെന്നൈ സൂപ്പര്‍ കിങ്സില്‍ ഒരുമിച്ച് കളിച്ചതോടെയാണ് ധോണിയും റെയ്നയും തമ്മിലുള്ള സൗഹൃദം ഉറച്ചത്.'' യുവരാജ് പറഞ്ഞുനിര്‍ത്തി. 

ഐപിഎല്‍ തുടക്കം മുതല്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു റെയ്‌ന. സിഎസ്‌കെ മൂന്ന് കിരീടം നേടുമ്പോഴും റെയ്‌ന് മികച്ച ഫോമിലായിരുന്നു.