Asianet News MalayalamAsianet News Malayalam

യുവ്‌രാജ് സിംഗ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു; സര്‍പ്രൈസ് പ്രഖ്യാപനം

ഇന്ത്യന്‍ ജേഴ്‌സിയിലാണോ ടി20 ലീഗുകളിലേക്കാണോ യുവ്‌രാജ് സിംഗ് തിരിച്ചുവരവിന് തയ്യാറെടുക്കുന്നത് എന്ന് വ്യക്തമല്ല

Yuvraj Singh announces his comeback from retirement
Author
Mumbai, First Published Nov 2, 2021, 2:18 PM IST

മുംബൈ: ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഇന്ത്യന്‍(Team India) മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ്(Yuvraj Singh). ആരാധകരുടെ അഭ്യര്‍ഥന പ്രകാരം ഫെബ്രുവരിയില്‍ പിച്ചില്‍ തിരിച്ചെത്താനാകും എന്നാണ് പ്രതീക്ഷയെന്ന് മുപ്പത്തിയൊമ്പതുകാരനായ യുവി(Yuvi) സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ആരാധകരുടെ പിന്തുണയ്‌ക്ക് താരം നന്ദിപറഞ്ഞു. 

എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയിലാണോ ടി20 ലീഗുകളിലേക്കാണോ യുവ്‌രാജ് സിംഗിന്‍റെ തിരിച്ചുവരവ് എന്ന് വ്യക്തമല്ല. 

2019 ജൂണിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് യുവി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. 17 വര്‍ഷം നീണ്ട കരിയറിന് ഒരു വാര്‍ത്താസമ്മേളനത്തിലൂടെ വിരാമമിടുകയായിരുന്നു സൂപ്പര്‍താരം. വിരമിക്കലിന് ശേഷം ബിസിസിഐ അനുമതിയോടെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ താരം കളിച്ചിരുന്നു. ഈ വര്‍ഷത്തെ റോഡ് സേഫ്‌റ്റി ടി20 സിരീസിലും താരം പങ്കെടുത്തു. 

ലോകകപ്പിലെ യുവരാജാവ്

Yuvraj Singh announces his comeback from retirement

ഏകദിന ക്രിക്കറ്റില്‍ 2000ല്‍ കെനിയക്കെതിരെ അരങ്ങേറിയ യുവ്‌രാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞപ്പോള്‍ 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2007ലെ ടി20 ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്സറിന് പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചാണ് യുവി മാറ്ററിയിച്ചത്. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കി ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യ വിശ്വ കിരീടം ഉയര്‍ത്തി.

തിരിച്ചുവരവിലെ ഹീറോ 

2011ലെ ഏകദിന ലോകകപ്പിന് ശേഷം അര്‍ബുദ ചികിത്സയ്‌ക്ക് വിധേയനായി. എന്നാല്‍ ഏവരേയും അമ്പരപ്പിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ താരം പോരാട്ടവീര്യത്തിന്‍റെ പ്രതിരൂപമായി വാഴ്‌ത്തപ്പെട്ടു.

Yuvraj Singh announces his comeback from retirement

304 ഏകദിനങ്ങളില്‍ 14 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും സഹിതം 8701 റണ്‍സടിച്ചപ്പോള്‍ 111 വിക്കറ്റുകളും പേരിനൊപ്പം ചേര്‍ത്തു. ഏകദിനങ്ങളിലെ മികവ് ടെസ്റ്റിലേക്ക് പകര്‍ത്താന്‍ യുവിക്ക് പക്ഷെ കഴിഞ്ഞില്ല. 40 ടെസ്റ്റുകളില്‍ പാഡണിഞ്ഞപ്പോള്‍ മൂന്ന് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും സഹിതം 1900 റണ്‍സാണ് നേടിയത്. ഇതിനൊപ്പം ഒമ്പത് വിക്കറ്റും പേരിലാക്കി. 

ഏകദിന ക്രിക്കറ്റ് കഴിഞ്ഞാല്‍ ടി20 ക്രിക്കറ്റിലായിരുന്നു യുവ്‌രാജിന്റെ രാജവാഴ്ച. ഇന്ത്യക്കായി 58 ടി20 മത്സരങ്ങളില്‍ കളിച്ചപ്പോള്‍ 136.38 പ്രഹരശേഷിയില്‍ 1177 റണ്‍സടിച്ചു. എട്ട് അര്‍ധസെഞ്ചുറി ഇതില്‍ ഉള്‍പ്പെടുന്നു. 28 വിക്കറ്റുകളും സ്വന്തമാക്കി. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് യുവി ഏകദിനങ്ങളില്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം. 

യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Follow Us:
Download App:
  • android
  • ios