കൊല്‍ക്കത്ത:ഐപിഎല്ലില്‍ അടുത്തമാസം നടക്കുന്ന താരലേലത്തിന് മുമ്പ് ഏറ്റവും കൂടുതല്‍ താരങ്ങളെ ഒഴിവാക്കിയ ടീമുകളൊന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. റോബിന്‍ ഉത്തപ്പയും ക്രിസ് ലിന്നും അടക്കമുള്ള സൂപ്പര്‍ താരങ്ങളെവരെ കൊല്‍ക്കത്ത കൈവിട്ടു.

എന്നാല്‍ ക്രിസ് ലിന്നിനെ ഒഴിവാക്കിയ കൊല്‍ക്കത്തയുടെ തീരുമാനം മണ്ടത്തരമായിപ്പോയെന്ന് തുറന്നു പറയുകയാണ് യുവരാജ് സിംഗ്. അബുദാബിയില്‍ നടക്കുന്ന ടി10 ടൂര്‍ണമെന്റില്‍ ക്രിസ് ലിന്‍ 30 പന്തില്‍ 91 റണ്‍സടിച്ചതിന് പിന്നാലെയാണ് യുവിയുടെ പ്രതികരണം. ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സ് താരമായ ലിന്നിന്റെ ടീമില്‍ യുവരാജും അംഗമാണ്.

കൊല്‍ക്കത്തക്കായി ഒട്ടേറെ മത്സരങ്ങളില്‍ മികച്ച തുടക്കം നല്‍കിയ കളിക്കാരനാണ് ലിന്‍. അതുകൊണ്ടുതന്നെ അയാളെപ്പോലൊരു കളിക്കാരനെ എന്തിനാണ് ഒഴിവാക്കയിതനെന്ന് എനിക്ക് മനസിലാവുന്നില്ല. ആ തിരുമാനം എന്തായാലും വലിയ മണ്ടത്തരമായി പോയി.ഇക്കാര്യം കൊല്‍ക്കത്ത ടീം ഉടമ ഷാരൂഖ് ഖാനെ അറിയിക്കുമെന്നും യുവി തമാശയായി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന യുവിയെ ഇത്തവണ മുംബൈ കൈവിട്ടിരുന്നു. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് മുമ്പാണ് 37 കാരനായ യുവി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്  വിരമിക്കല്‍ പ്രഖ്യാപിച്ചത്.