ദില്ലി: തകര്‍പ്പന്‍  ഫോമിലാണ് ഇന്ത്യന്‍ പേസര്‍ ജസപ്രീത് ബുംറ. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും താരം അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. രണ്ടാം ടെസ്റ്റില്‍ ഹാട്രിക്കിന്റെ അകമ്പടിയോടെയായിരുന്നു ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടന്ന ടെസ്റ്റ് പരമ്പരകളിലും ബുംറ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. 

ബുംറയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തകര്‍പ്പന്‍ ഹാട്രിക്ക് പ്രകടനം തന്നെയാണ് താരത്തെ ഒരു സൂപ്പര്‍ ഹീറോയാക്കിയത്. ഒരു ഇന്ത്യക്കാരന്‍ ടെസ്റ്റില്‍ നേടുന്ന മൂന്നാമത്തെ ഹാട്രിക് പ്രകടനമായിരുന്നു ബുംറയുടേത്. എന്നാല്‍ ഹാട്രിക് പ്രകടനത്തില്‍ വലിയ ആശ്ചര്യമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് പറയുന്നത്.

ട്വിറ്ററിലായിരുന്നു യുവരാജിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''ബുംറയ്ക്ക് ആശംസകള്‍. എല്ലാതരത്തിലും  നിങ്ങള്‍ അര്‍ഹിക്കുന്ന പ്രകടനമായിരുന്നത്. എന്നാല്‍ എനിക്ക് ആശ്ചര്യമൊന്നും തോന്നുന്നില്ല. കാരണം നിങ്ങള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ്. അത് കാണിക്കേണ്ട രീതിയില്‍ തന്നെ നിങ്ങള്‍ കാണിക്കുകയും ചെയ്തു.'' യുവരാജ് ട്വീറ്റ് ചെയ്തു.