Asianet News MalayalamAsianet News Malayalam

അന്ന് നിങ്ങള്‍ക്കെല്ലാം ഞാന്‍ വില്ലനായി; ഞാനൊരു കൊലപാതകി ആണെന്നുപോലും തോന്നി: യുവരാജ് സിംഗ്

അതെല്ലാം കണ്ടപ്പോള്‍ ഒരു കുറ്റവാളിയെപ്പോലെയാണ് എനിക്ക് സ്വയം തോന്നിയത്. ആരെയെങ്കിലും വെടിവെച്ചുകൊന്നശേഷം ജയിലിലേക്ക് പോകുന്ന കുറ്റവാളിയെപ്പോലെ.

Yuvraj Singh recalls 2014 T20I World Cup final
Author
Chandigarh, First Published May 13, 2020, 11:39 AM IST

ചണ്ഡീഗഡ്: ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചെങ്കിലും 2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ആളുകള്‍ തന്നെ കൊടും വില്ലനായി ചിത്രീകരിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഒരു യുട്യൂബ് ചാനലിന് നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യുവി.

2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ അവസാന ഓവറുകളില്‍ ബാറ്റിംഗിനിറങ്ങിയ യുവി 21 പന്തില്‍ 11 റണ്‍സാണ് നേടിയത്. സ്കോറിംഗ് ഉയര്‍ത്തേണ്ട സമയത്തെ യുവിയുടെ മെല്ലെപ്പോക്ക് കാരണം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെ നേടാനായുള്ളു. മത്സരം ആറ് വിക്കറ്റിന് ജയിച്ച ലങ്ക ടി20 ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു.

ആ മത്സരത്തില്‍ ഞാന്‍ നന്നായി കളിച്ചില്ല എന്ന് സമ്മതിക്കുന്നു. ആ ഇന്നിംഗ്സിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. നിര്‍ഭാഗ്യവശാല്‍ അതൊരു ലോകകപ്പ് ഫൈനലായിപ്പോയി. ഇല്ലായിരുന്നെങ്കില്‍ ഇത്രയും സൂക്ഷ്മമായി എന്റെ ആ ഇന്നിംഗ്സ് വിലയിരുത്തപ്പെടില്ലായിരുന്നു. ആ കളിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ എനിക്ക് ഞാനൊരു വില്ലനാണെന്നാണ് തോന്നിയത്. വിമാനത്താവളത്തില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോവുമ്പോഴുള്ള രംഗങ്ങള്‍ ഇപ്പോഴും ഞാനോര്‍ക്കുന്നു. മാധ്യമങ്ങളും ആരാധകരുമെല്ലാം എന്നോട് പൊട്ടിത്തെറിക്കുകയായിരുന്നു. ഭാഗ്യത്തിന് ഹെഡ് ഫോണ്‍ കയ്യിലുണ്ടായിരുന്നതിനാല്‍ അത് ചെവിയില്‍ തിരുകി നടന്നു.

Also Read: എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിനെ പ്രഖ്യാപിച്ച് വാര്‍ണര്‍; പ്രമുഖര്‍ പുറത്ത്

എന്റെ വീടിന് നേരെ കല്ലേറ് വരെ നടന്നു. അതെല്ലാം കണ്ടപ്പോള്‍ ഒരു കുറ്റവാളിയെപ്പോലെയാണ് എനിക്ക് സ്വയം തോന്നിയത്. ആരെയെങ്കിലും വെടിവെച്ചുകൊന്നശേഷം ജയിലിലേക്ക് പോകുന്ന കുറ്റവാളിയെപ്പോലെ. എങ്കിലും ആ പ്രതിസന്ധിഘട്ടത്തില്‍ നിന്നും ഞാന്‍ തിരിച്ചുവന്നു. ഫൈനല്‍ ദിവസം രാത്രി എന്നെ പിന്തുണച്ചുകൊണ്ടുള്ള സച്ചിന്റെ ട്വീറ്റ് എനിക്കിപ്പോഴും  ഓര്‍മയുണ്ട്. ആളുകള്‍ക്ക് പിന്നീട് കാര്യങ്ങള്‍ മനസിലായി. എങ്കിലും ആ ഒറ്റ രാത്രിയില്‍ എന്റെ കരിയര്‍ അവസാനിച്ചുവെന്ന ഞാന്‍ കരുതി. വീട്ടിലെത്തിയശേഷം 2007ലെ ടി20 ലോകകപ്പില്‍ ആറ് സിക്സറടിച്ചപ്പോള്‍ ധരിച്ച തൊപ്പി ഊരി ഞാനെന്റെ ബാറ്റിന്റെ മുകളില്‍ തൂക്കി-യുവി പറഞ്ഞു.

ഐപിഎല്ലില്‍ കോലിക്കോ ധോണിക്കോ രോഹിത്തിനോ ലഭിച്ചതുപോലെ ഒരു ടീമിനായി തുടര്‍ച്ചയായി മൂന്നോ നാലോ വര്‍ഷം കളിക്കാനുള്ള അവസരം തനിക്ക് ഒരിക്കലും ലഭിച്ചിരുന്നില്ലെന്നും യുവി പറഞ്ഞു. തുടര്‍ച്ചയായി ഒരു ടീമില്‍ കളിച്ചതുകൊണ്ട് ആരാധകരുടെ മികച്ച അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കെല്ലാം ആയി. എനിക്ക് ഒരു ടീമിലും സ്ഥിരമാവാന്‍ അവസരം ലഭിച്ചില്ല.

ഇനി ഒരിക്കലും വീണ്ടും കളിക്കാന്‍ ആഗ്രഹിക്കാത്ത ടീം കിംഗ്സ് ഇലവന്‍ പ‍ഞ്ചാബാണ്. കാരണം ഞാനവിടെ പേരിനൊരു ക്യാപ്റ്റനായിരുന്നു. ഞാനാവശ്യപ്പെട്ട കളിക്കാരെയൊന്നും ഒരിക്കലും അവര്‍ തന്നില്ല. പകരം വേണ്ടെന്ന് പറഞ്ഞവരെ തന്നെ വീണ്ടും വീണ്ടും ടീമിലെടുത്തു. പ‍ഞ്ചാബ് ടീമിനായി കളിക്കാന്‍ എനിക്കിഷ്ടമാണ്. പക്ഷെ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനായി കളിക്കാന്‍ ആഗ്രഹമില്ലെന്നും യുവി പറഞ്ഞു.

Follow Us:
Download App:
  • android
  • ios