ഞാനൊരു ഇന്ത്യക്കാരനാണ്. എല്ലാക്കാലത്തും അങ്ങനെ തന്നെയായിരിക്കും. പക്ഷെ എക്കാലത്തും മനുഷ്യത്വത്തിനൊപ്പം നിലയുറപ്പിക്കുമെന്നും യുവി

ചണ്ഡിഗഡ്: കൊവിഡ് ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ഫൗണ്ടേഷന് സാമ്പത്തിക സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ ആരാധകര്‍ വിമര്‍ശിച്ചതിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കണമെന്നൊരു സന്ദേശം എങ്ങനെയാണ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഉപയോഗിക്കാനാവുന്നത് എന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് യുവി പറഞ്ഞു.

Scroll to load tweet…

ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും സഹായം ആവശ്യമുള്ള നമ്മുടെ സഹോദര രാജ്യങ്ങളിലുള്ളവര്‍ക്ക് അത് എത്തിക്കണമെന്ന സന്ദേശം കൈമാറുക മാത്രമാണ് ചെയ്തതെന്നും യുവി പറഞ്ഞു. ഞാനൊരു ഇന്ത്യക്കാരനാണ്. എല്ലാക്കാലത്തും അങ്ങനെ തന്നെയായിരിക്കും. പക്ഷെ എക്കാലത്തും മനുഷ്യത്വത്തിനൊപ്പം നിലയുറപ്പിക്കുമെന്നും യുവി പറഞ്ഞു.

കൊവിഡ് ബാധിതര്‍ക്ക് സഹാമെയത്തിക്കാനായി അഫ്രീദി ഫൗണ്ടേഷന് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവി ട്വീറ്റ് ചെയ്ത വീഡിയോ ആണ് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായത്.ഇന്ത്യന്‍ ടീമിലെ സഹതാരമായിരുന്ന ഹര്‍ഭജന്‍ സിംഗാണ് തന്നെ ഇതിലേക്ക് ക്ഷണിച്ചതെന്ന് പറഞ്ഞാണ് യുവി വീഡിയോ തുടങ്ങുന്നത്. കൊവിഡ് 19 ലോകരാജ്യങ്ങളെയാകെ ബാധിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാനില്‍ അഫ്രീദിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ കൊറണോ ബാധിതര്‍ക്കായി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നതായി ഹര്‍ഭജന്‍ പറഞ്ഞിരുന്നുവെന്നും യുവി പറയുന്നു.

Scroll to load tweet…

പരീക്ഷണഘട്ടത്തിലൂടെയാണ് ലോകം മുഴുവന്‍ കടന്നുപോവുന്നതെന്നും ഈ സമയത്ത് ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞാണ് യുവി അഫ്രീദി ഫൗണ്ടേഷന് സംഭാവന നല്‍കണമെന്ന് ആഭ്യര്‍ത്ഥിച്ചത്. തന്റെ പേരിലുള്ള യുവി ക്യാന്‍ ഫൗണ്ടേഷനും കൊറോണ ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍നിരയിലുണ്ടെന്ന് യുവി ഓര്‍മിപ്പിക്കുന്നുണ്ട്.

എന്നാല്‍ പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാന്‍ പറയാതെ എന്തുകൊണ്ടാണ് അഫ്രീദിയുടെ ഫൗണ്ടേഷന് പണം സംഭാവന നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എന്നാണ് ആരാധകര്‍ യുവിയോട് ചോദിക്കുന്നത്. ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഹര്‍ഭജന്‍ സിംഗും നേരത്തെ രംഗത്ത് വന്നിരുന്നു.