ചണ്ഡീഗഡ്:  ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ കിരീടനേട്ടത്തിന് ഇന്ന് 37 വയസ് പൂര്‍ത്തിയാവുകയാണ്. 1983ല്‍ നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചായായിരുന്നു കപില്‍ ദേവും സംഘവും ചരിത്രം കുറിച്ചത്. ലോകകപ്പ് നേട്ടത്തിന്റെ വാര്‍ഷികത്തില്‍ നിരവധി താരങ്ങള്‍ കപിലിന്റെയും ടീമിന്റെയും നേട്ടത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി.

മുന്‍ ഇന്ത്യന്‍ താരമായ യുവരാജ് സിംഗും കപിലിന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടിയ വിശ്വവിജയത്തെക്കുറിച്ച് മനസുതുറന്നു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ നിമിഷമായിരുന്നു അത്. നമ്മുടെ മുന്‍ഗാമികള്‍ 1983ല്‍ ലോകകപ്പ് ഉയര്‍ത്തിയ ദിവസം. 1983ലെ ടീമില്‍ കളിച്ച എല്ലാ കളിക്കാര്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടമായിരുന്നു 2011ല്‍ രണ്ടാവട്ടം ഏകദിന ലോകകപ്പ് നേടുമ്പോള്‍ ഞങ്ങളുടെ മുന്നിലെ അളവുകോല്‍. ഭാവിയില്‍ ഇന്ത്യ എല്ലാ കായികമേഖലകളിലും ചാമ്പ്യന്‍മാരാവട്ടെ, എന്നായിരുന്നു ട്വിറ്ററില്‍ കപിലിനെ ടാഗ് ചെയ്തുകൊണ്ട് യുവി കുറിച്ചത്.

ഇതിന് മറുപടിയായിഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി രംഗത്തെത്തി. നന്ദി, ജൂനിയര്‍, കപിലിനൊപ്പം നിങ്ങള്‍ക്ക് എന്നെയും ട്വീറ്റില്‍ ടാഗ് ചെയ്യാവുന്നതാണെന്നായിരുന്നു ലോകകപ്പ് ടീമില്‍ കളിച്ച രവി ശാസ്ത്രിയുടെ കമന്റ്. ഇതിന് യുവി നല്‍കിയ മറുപടിയാകട്ടെ കുറിക്ക് കൊള്ളുന്നതായി.

ഹഹഹ...സീനിയര്‍,കളിക്കളത്തിലും പുറത്തും  താങ്കളും ഇതിഹാസമാണ്, പക്ഷെ, കപില്‍ പാജി വേറെ ലെവലാണെന്നായിരുന്നു യുവിയുടെ മറുപടി. ഏപ്രിലില്‍ 2011ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്റെ വാര്‍ഷിക ദിവസം ധോണിയുടെ സിക്സറിനെയും ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തെയും പുകഴ്ത്തി രവി ശാസ്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് താഴെ ധോണി വിജയറണ്ണെടുക്കുമ്പോള്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ താനുമുണ്ടായിരുന്നുവെന്നും ധോണിക്കൊപ്പം തന്നെയും ഈ ട്വീറ്റില്‍ ടാഗ് ചെയ്യാമെന്നും യുവി കുറിച്ചിരുന്നു.