രോഹിത് ശര്‍മ (Rohit Sharma) മുതല്‍ ജസ്പ്രിത് ബുമ്ര (Jasprit Bumrah) വരെയുള്ളവരുടെ പേരുകള്‍ പട്ടികയിലുണ്ട്. രോഹിത് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനാണ് നിലവില്‍ സാധ്യത കൂടുതല്‍.
മുംബൈ: വിരാട് കോലിയുടെ (Virat Kohli) പകരക്കാരനാരായിരിക്കുമെന്നുള്ളതാണ് ഇപ്പോള്‍ ഇന്ത്യ ക്രിക്കറ്റിലെ ചര്‍ച്ചാവിഷയം. രോഹിത് ശര്‍മ (Rohit Sharma) മുതല്‍ ജസ്പ്രിത് ബുമ്ര (Jasprit Bumrah) വരെയുള്ളവരുടെ പേരുകള്‍ പട്ടികയിലുണ്ട്. രോഹിത് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനാണ് നിലവില്‍ സാധ്യത കൂടുതല്‍.
എന്നാല്‍ ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ക്ക് മറ്റൊരു അഭിപ്രായമായിരുന്നു. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പേരാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗും നിര്‍ദേശിക്കുന്ന പേര് പന്തിന്റേതാണ്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകന്‍ വിക്രാന്ത് ഗുപ്ത ഗവാസ്‌കറുടെ അഭിപ്രായം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് യുവരാജിന്റെ അഭിപ്രായം.
ഗവാസ്‌കറുടെ അഭിപ്രായം യുവരാജ് ശരിവച്ചു. ''അദ്ദേഹം പറഞ്ഞത് പൂര്‍ണമായും ശരിയാണ്. വിക്കറ്റിന് പിന്നില്‍ മത്സരത്തെ നന്നായി വായിക്കാന്‍ പന്തിന് കഴിയും.'' യുവരാജ് കുറിച്ചിട്ടു.
നേരത്തെ, രോഹിത്തിനെ ഉദാഹരണമെടുത്താണ് ഗവാസ്‌കര്‍ പന്തിനെ ക്യാപ്റ്റനാക്കണമെന്ന് പറഞ്ഞത്. ക്യാപ്റ്റന്റെ ചുമതല പന്തിനെ കൂടുതല്‍ ഉത്തരവാദിത്തവും മികവുമുള്ള താരമാക്കി മാറ്റുമെന്ന് ഗാവസ്‌കര്‍ പറയുന്നു. മുംബൈ നായകനായതിന് ശേഷം രോഹിത്ത് കൂടുതല്‍ പക്വതയേറിയ താരമായെന്നും ബാറ്റിഗില്‍ കൂടുതല്‍ മികവ് കാണിച്ചുവെന്നും ഗാവസ്‌കര്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് കോലി സ്ഥാനമൊഴിഞ്ഞത്. നേരത്തെ, ഏകദിന ടീമിന്റെ സ്ഥാനത്ത് നിന്നും കോലിയെ മാറ്റിയിരുന്നു. ടി20 ടീമിന്റെ സ്ഥാനത്ത് നിന്നും സ്വയം ഒഴിവാകയും ചെയ്തു.
