ദില്ലി: ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ സംസാരം. എപ്പോള്‍ വിരമിക്കും അല്ലെങ്കില്‍ ഇനി ക്രിക്കറ്റ് ടീമിലേക്ക് ഒരു മടങ്ങിവരവുണ്ടാകുമോ എന്നൊക്കെയാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ ഇതെല്ലാം അനാവശ്യ ചിന്തയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് പറയുന്നത്. 

ആദ്യമായിട്ടാണ് ധോണിയുടെ വിരമിക്കലുമായ ബന്ധപ്പെട്ട കാര്യത്തില്‍ യുവരാജ് എന്തെങ്കിലും പറയുന്നത്. മുന്‍ ഇടങ്കയ്യന്‍ താരം പറഞ്ഞതിങ്ങനെ... ''ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ചിന്തകളുമെല്ലാം അനാവശ്യമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ അവസരം നല്‍കും. ഭാവിയെ കുറിച്ച് ധോണി തന്നെ തീരുമാനമെടുക്കും.

ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിങ്ങള്‍ മറക്കരുത്. അതുകൊണ്ടുതന്നെ നിങ്ങളിപ്പോള്‍ അദ്ദേഹത്തെ വെറുതെ വിടൂ.'' യുവരാജ് പറഞ്ഞുനിര്‍ത്തി. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ ഏറെ പഴികേട്ട താരമാണ് ധോണി. ലോകപ്പിന് ശേഷം അദ്ദേഹം ദേശീയ ടീമില്‍ കളിച്ചിട്ടില്ല. സൈനിക സേവനത്തിനായി രണ്ട് മാസത്തെ അവധിയെടുക്കുകയായിരുന്നു.