മുംബൈ: കരിയറിന്റെ അവസാനകാലത്ത് ബിസിസിഐയില്‍ കുറച്ചുകൂടെ മാന്യത പ്രതീക്ഷിച്ചിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. സ്‌പോര്‍ട്‌സ്‌കീഡയുമായി സംസാരിക്കുകയായിരുന്നു യുവരാജ്. ദേശീയ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിടവാങ്ങല്‍ നല്‍കണമെന്നും ഇന്ത്യയില്‍ അത്തരമൊരു പതിവില്ലെന്നും യുവരാജ്. 

നിങ്ങള്‍ ഉള്‍പ്പെടെയുള്ള മികച്ച താരങ്ങള്‍ വിടവാങ്ങല്‍ അര്‍ഹിക്കുന്നില്ലേയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യുവരാജ്. ''അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ മാത്രമെ ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ. എന്നാല്‍ ഞാനൊരു ഇതിഹാസമൊന്നുമല്ല. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ളവരാണ് ഇതിഹാസങ്ങള്‍. എനിക്ക് ദീര്‍ഘകാലം ടെസ്റ്റ് കളിക്കാന്‍ ആയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് ലഭിക്കാതെ പോയ ആദ്യത്തെ താരമല്ല. സഹീര്‍ ഖാന്‍, വിരേന്ദര്‍ സെവാഗ് എന്നിവരെല്ലാം ഉദാഹരണങ്ങളാണ്. ഇത്തരം കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ബിസിസിഐയാണ്. 

കരിയറിന്റെ അവസാന നാളുകളില്‍ ബിസിസിഐയില്‍ നിന്ന് അത്ര നല്ല അനുഭവമല്ല എനിക്കുണ്ടായത്. സഹതാരങ്ങളുടെ അനുഭവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എനിക്കുണ്ടായതെല്ലാം ചെറുതാണ്. ഹര്‍ഭജന്‍, സേവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവര്‍ക്കെല്ലാം അവസാന ഘട്ടത്തില്‍ മോശം അനുഭവമാണ് ഉണ്ടായത്. ഇത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു പൊതു രീതിയാണ്. മുന്‍പും ഇത്തരം അനുഭവങ്ങള്‍ കണ്ട് ശീലിച്ചതുകൊണ്ട് എന്റെ കാര്യത്തില്‍ വലിയ അദ്ഭുതമൊന്നും തോന്നിയില്ല.

ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകള്‍ നല്‍കിയ ഗൗതം ഗംഭീര്‍, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയവരും അര്‍ഹിക്കുന്ന യാത്രയയപ്പ് ലഭിക്കാതെ പോയവരാണ്. രാജ്യത്തിനായി ഇത്രയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള താരങ്ങളെ അവഗണിക്കരുത്. ഈ തലമുറയിലെ താരങ്ങള്‍ക്കെങ്കിലും ഭാവിയിലെങ്കിലും കുറച്ചുകൂടി ബഹുമാനം നല്‍കണം. 

രണ്ട് ലോകകപ്പ് നേടിതന്ന താരമാണ് ഗംഭീര്‍. അദ്ദേഹത്തെ ഇങ്ങനെയല്ല പറഞ്ഞയക്കേണ്ടത്. സേവാഗിന്റെ കാര്യമോ? ലക്ഷ്മണ്‍, സഹീര്‍ ഖാന്‍ തുടങ്ങിയവരുടെ കാര്യവും വ്യത്യസ്തമല്ല.'' യുവി പറഞ്ഞുനിര്‍ത്തി.