ന്യൂസിലന്‍ഡ് ക്രിക്കറ്റ് ലീഗായ സൂപ്പര്‍ സ്മാഷില്‍ ഒരോവറില്‍ ആറ് പന്തുകളും സിക്‌സര്‍ പായിച്ച ലിയോ കാര്‍ട്ടറെ എലൈറ്റ് ക്ലബിലേക്ക് സ്വാഗതം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്.

മുംബൈ: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ലീഗായ സൂപ്പര്‍ സ്മാഷില്‍ ഒരോവറില്‍ ആറ് പന്തുകളും സിക്‌സര്‍ പായിച്ച ലിയോ കാര്‍ട്ടറെ എലൈറ്റ് ക്ലബിലേക്ക് സ്വാഗതം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഓരോവറില്‍ ആറ് സിക്‌സുകള്‍ പായിച്ച ഏകതാരമാണ് യുവരാജ്. കഴിഞ്ഞ ദിവസമാണ് ആന്റണ്‍ ഡെവിച്ചിന്റെ ഓവറിലെ ആറ് പന്തുകളും കാര്‍ട്ടര്‍ സിക്‌സ് പായിച്ചത്. പിന്നാലെ യുവി ട്വിറ്ററിലൂടെ എലൈറ്റ് ക്ലബിലേക്ക് ക്ഷണിക്കുകയായിരുന്നു.

സിക്‌സ് നേടിയ ശേഷം എന്ത് ചെയ്യണമെന്നും യുവി ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. ട്വീറ്റ് ഇങ്ങനെ... ''ഒരോവറില്‍ ആറ് സിക്‌സും നേടിയ താരങ്ങളുടെ ക്ലബിലേക്ക് സ്വാഗതം. അതിശയപ്പെടുത്തുന്ന ബാറ്റിങ്ങായിരുന്നു നിങ്ങളുടേത്. ഇനി നിങ്ങള്‍ ചെയ്യേണ്ടത് സ്വന്തം ജഴ്സിയില്‍ ഒപ്പിട്ട് അത് ഡെവിച്ചിന് ആദരസൂചകമായി നല്‍കുകയാണ് വേണ്ടത്.'' മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കുറിച്ചിട്ടു. ട്വീറ്റ് വായിക്കാം. 

Scroll to load tweet…

നോര്‍ത്തേണ്‍ നൈറ്റ്സിനെതിരായ മത്സരത്തിലായിരുന്നു കാന്റെര്‍ബെറിയുടെ താരമായ കാര്‍ട്ടറുടെ പ്രകടനം. അതേസമയം, അന്താരാഷ്ട്ര ടി20യില്‍ ഒരോവറില്‍ ആറു സിക്സറുകള്‍ നേടിയ ഏക താരമെന്ന റെക്കോര്‍ഡ് യുവിയുടെ പേരില്‍ ഭദ്രമാണ്. 2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ക്രിക്കറ്റ് ലോകം മറക്കാത്ത പ്രകടനം.