ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചാഹല്‍ വിവാഹിതനാകുന്നു. നൃത്ത സംവിധായകയും ഡോക്ടറുമായ ധനശ്രീ വര്‍മയാണ് വധു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹ നിശ്ചയം കഴിഞ്ഞതായി ചാഹല്‍ വ്യക്തമാക്കി. ധനശ്രീയ്‌ക്കൊപ്പമുള്ള ചിത്രവും ചാഹല്‍ പങ്കുവച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം ഞങ്ങളും യെസ് പറഞ്ഞുവെന്നാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. കുടുംബത്തോടൊപ്പമുള്ള ചിത്രവും ചാഹല്‍ പുറത്തുവിട്ടിട്ടുണ്ട്.

യൂട്യൂബര്‍ കൂടിയായ ധനശ്രീ നേരത്തെ ചാഹലിന്റെ ഇന്‍സ്റ്റ ലൈവുകളിലും പോസ്റ്റുകളിലും വന്നട്ടുണ്ടായിരുന്നു. മാത്രമല്ല നേരത്തെയും ധനശ്രീയ്‌ക്കൊപ്പമുള്ള ഫോട്ടോ ചാഹല്‍ പങ്കുവച്ചിട്ടുണ്ട്. ആരാധകരും ക്രിക്കറ്റ് രംഗത്തെ പ്രമുഖരും ചാഹലിന് ആശംസകള്‍ അറിയിച്ചു. ദൈവാനുഗ്രഹമുണ്ടാവട്ടെയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കമന്റ് ചെയ്തു. 

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഫീല്‍ഡിങ് കോച്ച് രവി ശ്രീധര്‍, സഹ സ്പിന്നിര്‍മാരായ വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍, മന്‍ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, സുരേഷ് റെയ്‌ന തുടങ്ങിയവര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു.