45 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ചാഹലിന്‍റെ മികവില്‍ ഡെര്‍ബിഷെയറിന്‍റെ ഒന്നാം ഇന്നിംഗ്സ് നോര്‍ത്താംപ്ടൺഷെയർ 165ന് പുറത്താക്കി.
ലണ്ടൻ: ഇന്ത്യൻ ടീമില്‍ തുടര്‍ച്ചയായി അവഗണന നേരിടുമ്പോഴും കൗണ്ടി ക്രിക്കറ്റില്‍ മിന്നി യുസ്‌വേന്ദ്ര ചാഹല്‍. കൗണ്ടി ചാമ്പ്യൻഷിപ്പില്‍ ഡെര്‍ബിഷെയറിനെതിരായ മത്സരത്തില്‍ നോര്‍ത്താംപ്ടൺഷെയറിനായി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ചാഹല്‍ മികവ് കാട്ടിയത്. നേരത്തെ വണ്‍ഡേ കപ്പില്‍ തന്‍റെ മുൻ ക്ലബ്ബായ കെന്‍റിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചാഹൽ ഇത്തവണ ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് തന്‍റെ ക്ലാസ് തെളിയിച്ചത്.
45 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ചാഹലിന്‍റെ മികവില്‍ ഡെര്‍ബിഷെയറിന്‍റെ ഒന്നാം ഇന്നിംഗ്സ് നോര്‍ത്താംപ്ടൺഷെയർ 165ന് പുറത്താക്കി. 150-4ല്‍ നിന്നാണ് ഡെര്‍ബിഷെയര്‍ 165 റണ്‍സിന് ഓള്‍ ഔട്ടായത്. 47 റണ്‍സെടുത്ത് ഡെര്‍ബിഷെയറിനായി തകര്‍ത്തടിച്ച വെയ്ന് മാഡ്സന്‍റെ നിര്‍ണായക വിക്കറ്റ് അടക്കമാണ് ചാഹല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. തന്‍റെ ആദ്യ രണ്ട് കൗണ്ടി ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയിന്‍റെ നിരാശ മറക്കുന്നതായിരുന്നു ചാഹലിന്‍റെ ഇന്നത്തെ പ്രകടനം. ഫസ്റ്റ് ക്ലാസ് കരിയറില്‍ചാഹലിന്‍റെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.
ഇന്ത്യക്കായി ഇതുവരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്ത ചാഹലിനെ വൈറ്റ് ബോള്‍ ക്രിക്കറ്റിന് മാത്രമാണ് പരിഗണിക്കാറുള്ളത്. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും ചാഹലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. പിന്നാലെ നടന്ന സിംബാബ്‌വെ, ശ്രീലങ്ക പര്യടനങ്ങളില്‍ നിന്ന് ചാഹലിനെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയും ചെയ്തു.
ഇതോടെയാണ് കൗണ്ടി ക്രിക്കറ്റില്‍ നോര്‍ത്താംപ്ടണ്‍ഷെയറിനായി കളിക്കാന്‍ ചാഹല്‍ കരാറിലെത്തിയത്. അടുത്തിടെ ദുലീപ് ട്രോഫിക്കുള്ള നാലു ടീമിനെ പ്രഖ്യാപിച്ചപ്പോഴും ചാഹലിനെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായ ചാഹലിനെ ഈ സീസണില്‍ ടീം നിലനിര്‍ത്തുമോ എന്നാണിപ്പോള്‍ ആരാധകർ ഉറ്റുനോക്കുന്നത്.
