Asianet News MalayalamAsianet News Malayalam

പര്‍പ്പിള്‍ ക്യാപ് തിരിച്ചെടുക്കാന്‍ യൂസ്‌വേന്ദ്ര ചാഹല്‍! പക്ഷേ എതിര്‍ ടീമില്‍ ബുമ്രയും കോട്‌സ്വീയുമുണ്ട്

ഏഴ് മത്സരങ്ങളില്‍ 12 വിക്കറ്റ് വീഴ്ത്തിയ ചാഹല്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. 156 പന്തുകളില്‍ നിന്നാണ് ചാഹല്‍ ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്. 18.08 ശരാശരിയിലാണ് ചാഹലിന്റെ നേട്ടം.

yuzvendra chahal looking for purple cap ahead of mumbai vs rajasthan match
Author
First Published Apr 22, 2024, 3:53 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് തിരിച്ചെടുക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് താരം യൂസ്‌വേന്ദ്ര ചാഹല്‍ ഇന്നിറങ്ങുന്നു. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കാനെത്തുമ്പോള്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്താമെന്നാണ് ചാഹലിന്റെ പ്രതീക്ഷ. എന്നാല്‍ മുംബൈ താരം ജസ്പ്രിത് ബുമ്രയുടെ പ്രകടനം കൂടി നോക്കണമെന്ന് മാത്രം. 13 വിക്കറ്റ് നേടിയ ബുമ്രയാണ് ഒന്നാമത്. 12.85 ശരാശരിയിലാണ് ബുമ്ര 13 വിക്കറ്റ് വീഴ്ത്തിയത്. 168 പന്തുകളില്‍ 167 റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. ഇത്രയും തന്നെ വിക്കറ്റുള്ള ഹര്‍ഷല്‍ പട്ടേലാണ് രണ്ടാം സ്ഥാനത്ത്. എട്ട് മത്സരങ്ങള്‍ പഞ്ചാബ് കിംഗ്‌സിന്റെ പേസറായ ഹര്‍ഷല്‍ കളിച്ചു. 174 പന്തുകളെറിഞ്ഞ ഹര്‍ഷല്‍ 278 റണ്‍സ് വിട്ടുകൊടുത്തിട്ടുണ്ട്.  

ഏഴ് മത്സരങ്ങളില്‍ 12 വിക്കറ്റ് വീഴ്ത്തിയ ചാഹല്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. 156 പന്തുകളില്‍ നിന്നാണ് ചാഹല്‍ ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്. 18.08 ശരാശരിയിലാണ് ചാഹലിന്റെ നേട്ടം. ബുമ്രയെ മറികടക്കണമെങ്കില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുകയല്ലാതെ വേറെ വഴിയില്ല. മുംബൈയുടെ തന്നെ മറ്റൊര പേസര്‍ ജെറാള്‍ഡ് കോടസ്വീ 12 വിക്കറ്റുമായി നാലാം സ്ഥാനത്തുണ്ട്. 11 വിക്കറ്റ് വീതം നേടിയ സാം കറന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ അടുത്ത രണ്ട് സ്ഥാനങ്ങളില്‍. 

അതേസമയം, ഓറഞ്ച് ക്യാപ്പിന് വേണ്ടിയും കടുത്ത മത്സരമാണ് ഇന്ന് നടക്കുക. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലിയാണ് ഒന്നാമത്. . ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 18 റണ്‍സ് നേടിയ താരത്തിന് നിലവില്‍ എട്ട് മത്സരങ്ങളില്‍ 379 റണ്‍സുണ്ട്. 63.17 ശരാശരിയിലും 150.40 സ്‌ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഐപിഎല്ലില്‍ ആറ് ഇന്നിംഗ്സുകള്‍ മാത്രം കളിച്ച ഹെഡിന് ഇപ്പോള്‍ 324 റണ്‍സുണ്ട്. 

ഇന്ന് രാജസ്ഥാന്‍ - മുംബൈ ഇന്ത്യന്‍സ് മത്സരം നടക്കാനിരിക്കെ ചില താരങ്ങള്‍ക്കെങ്കിലു ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമുണ്ട്. അതില്‍ പ്രധാനി മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ താരം റിയാന്‍ പരാഗാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 318 റണ്‍സ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഇന്ന് 61 റണ്‍സ് കൂടി നേടിയാല്‍ കോലിക്കൊപ്പമെത്താന്‍ പരാഗിന് സാധിക്കും. ഹെഡിനെ മറികടക്കാന്‍ ഏഴ് റണ്‍സ് മാത്രം മതിയാകും. ഏഴ് മത്സരങ്ങളില്‍ 297 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്താണ് നിലവില്‍. 83 റണ്‍സ് നേടിയല്‍ രോഹിത്തിനും കോലിയെ മറികടക്കാം.

കോലിയെ തെറിപ്പിക്കാന്‍ സഞ്ജുവിന് വേണം ഒരേയൊരു സെഞ്ചുറി! ഊഴം കാത്ത് രോഹിത്തും പരാഗും; ഓറഞ്ച് ക്യാപ് ആരെടുക്കും?

ഏഴ് മത്സരങ്ങളില്‍ 276 റണ്‍സടിച്ചിട്ടുള്ള രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ഒരു വിസ്മയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്താല്‍ കോലിയെ മറിടക്കാം. 104 റണ്‍സാണ് സഞ്ജുവിന് കോലിയെ മറികടക്കാന്‍ വേണ്ടത്. 49 റണ്‍സ് നേടിയാല്‍ ഹെഡിനെ മറികടക്കാനുമാവും സഞ്ജുവിന്.

Follow Us:
Download App:
  • android
  • ios