മുംബൈ: കഴിഞ്ഞ ദിവസമാണ് ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ടി20 പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ കെ എല്‍ രാഹുലിനെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തഴഞ്ഞിരുന്നു. രാഹുലിന് പകരം പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് ടെസ്റ്റ് ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചത്. ഇതിനോട് സമ്മിശ്ര പ്രതികരണമാണുണ്ടായത്. 

രാഹുലിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തത് അത്ഭുതപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യക്ക് പുറത്ത് മൂന്ന് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയിട്ടുള്ള രാഹുലിന്റെ സാങ്കേതിക മികവോ മനോഭാവമോ ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രാഹുല്‍ ഇപ്പോഴെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇപ്പോഴിതാ സഹീര്‍ ഖാനും ഇക്കാര്യത്തോട് പ്രതികരിച്ചിരിക്കുകയാണ്.

രാഹുലിനെ ഉള്‍പ്പെടുത്തമായിരുന്നുവെന്നാണ് സഹീര്‍ പറയുന്നത്. അദ്ദേത്തിന്റെ വാക്കുകള്‍... ''രോഹിത് പരിക്കിനെത്തുടര്‍ന്ന് പുറത്ത് നില്‍ക്കുന്ന സമയം രാഹുലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും. ഇപ്പോഴത്തെ ഫോമില്‍ രാഹുലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പേണ്ടത് ഇന്ത്യന്‍ ടീമിന്റെ ആവശ്യമാണ്. 

അടുത്തകാലത്തെ പ്രകടനം പരിഗണിച്ച് സെലക്ടര്‍മാര്‍ രാഹുലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ തോന്നുന്നു. രോഹിതിന്റെ അഭാവത്തില്‍ രാഹുല്‍ ടെസ്റ്റ് ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമായിരുന്നു.'' സഹീര്‍ പറഞ്ഞുനിര്‍ത്തി.