മുംബൈ: ഇന്ത്യന്‍ പേസ് വകുപ്പിന്റെ മുഖച്ഛായ മാറ്റിയ താരമാണ് ജസ്പ്രീത് ബുംറ. എന്നാല്‍ പലരും താരത്തിന്റെ ബൗളിങ് ആക്ഷനോട് അനിഷ്ടം കാണിക്കാറുണ്ട്. ഭംഗിയില്ലാത്തതും ആരോചകവുമായ ബൗളിങ് ആക്ഷനാണ് താരത്തിന്റേതെന്ന് പലരും പരയാറുണ്ട്. എന്നാല്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. 

ബുംറയുടെ ആക്ഷനാണ് അദ്ദേഹത്തിന്റെ കരുത്ത് എന്നാണ് സഹീര്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം തുടര്‍ന്നു... ''ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ പ്രതിഭയാണ് ബുംറ. ബൗളിങ് ആക്ഷനാണ് ബുംറയുടെ ബലം. ബുംറയെ മികച്ചവനാക്കുന്നത് ആക്ഷന്‍ തന്നെയാണ്. ബാറ്റ്‌സ്മാന് മേല്‍ ആധിപത്യം നേടാന്‍ സഹായിക്കുന്നത് ആ ആക്ഷനാണ്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും ഉയരങ്ങളിലേക്കു വളരാനുമുള്ള ബുംറയുടെ പരിശ്രമം ശ്രദ്ധേയമാണ്. 

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ തയ്യാറെടുപ്പിനെ കുറിച്ച് ഇപ്പോഴൊന്നും പറയാറായിട്ടില്ല. എല്ലാം കാത്തിരുന്ന് കാണാം. ലോകകപ്പിന് ഇനിയും മാസങ്ങള്‍ ബാക്കിയുണ്ട്. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെല്ലാം പരീക്ഷണങ്ങളാണ്. ശരിയായ ടീം കോംപിനേഷന്‍ കണ്ടെത്തണമെങ്കില്‍ ഈ പരീക്ഷണഘട്ടം അവസാനിക്കണം.'' സഹീര്‍ കൂട്ടിച്ചേര്‍ത്തു.